ടോക്യ: വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ജപ്പാനിലെ രാജകുമാരി മാകോയും കൂട്ടുകാരന്‍ കേയി കൊമുറോയും വിവാഹിതരായി. ജപ്പാനിലെ നിലവിലെ രാജാവ് അകിഷിനോയുടെ മകളാണ് 30 വയസ്സുകാരിയായ മാകോ. 

നാലുവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കോമുറോയുടെ അമ്മയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നതോടെ വിവാഹം നടത്തുന്നത് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് നിയമപഠനത്തിനായി കോമുറോ 2018-ല്‍ ന്യൂയോര്‍ക്കിലെത്തി. അവിടെന്ന് ഈ സെപ്റ്റംബറിലാണ് അദ്ദേഹം ജപ്പാനില്‍ തിരികെയെത്തിയത്. 

ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ഇംപീരിയല്‍ ഹൗസ്‌ഹോള്‍ഡ് ഏജന്‍സിയുടെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ഒരു പ്രാദേശികതലത്തിലുള്ള ഓഫീസില്‍ വെച്ച് ഇരുവരും വിവാഹിതരായെന്ന് അവര്‍ അറിയിച്ചു. 

രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകും എന്ന നിയമം നിലവിലുണ്ട്. ഈ നിയമപ്രകാരം മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാകും. 
 
നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെ മോകോ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012-ല്‍ ആയിരുന്നു അത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി മാറുകയായിരുന്നു.

നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാല്‍, നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും രാജകുടുംബത്തില്‍ പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തില്‍നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി രാജകുടുംബം നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല. പാസ്റ്റല്‍ വസ്ത്രവും ആഭരണങ്ങളും ധരിച്ച മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നില്‍നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. 

ഉച്ചകഴിഞ്ഞ് നവദമ്പതികള്‍ ആചാരപ്രകാരം പത്രസമ്മേളനം വിളിച്ചുചേര്‍ക്കും. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് മറുപടി നല്‍കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

Content highlights: japans princess mako finally marries commoner boyfriend kei komuro