നാളിതുവരെ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമായിരുന്നു 'അവള്‍'. ബൈക്കില്‍ ചുറ്റിപ്പറക്കുന്ന ഈ ജാപ്പനീസ് 'സുന്ദരി'ക്ക് ട്വിറ്ററില്‍ ആരാധകര്‍ ആയിരക്കണക്കിനായിരുന്നു. എന്നാല്‍, ഒടുവില്‍ ബൈക്കിന്റെ റിയര്‍വ്യൂ മിറര്‍ പണി പറ്റിച്ചു. കണ്ണാടിയില്‍ റൈഡറുടെ തനിരൂപം കണ്ടവര്‍ ഞെട്ടി. ഒരു അമ്പതുകാരന്‍.
 
സോംഗു എന്ന ജപ്പാന്‍കാരനാണ് അസുസഗാകുയുകി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ സുന്ദരിയായി നാളിതുവരെ ആളുകളെ പറ്റിച്ച് താരമായി വിലസിയത്. ഫെയ്‌സ് ആപ്പും ഫോട്ടോഷോപ്പും ഉപയോഗിച്ച് തന്റെ മുഖം ഒരു സുന്ദരിയുടേതായി രൂപമാറ്റം വരുത്തിയായിരുന്നു സോംഗുവിന്റെ തട്ടിപ്പ്.

biker

 
വിലകൂടി സൂപ്പര്‍ ബൈക്കുകള്‍ക്കരികില്‍, മനോഹരമായ ലൊക്കേഷനുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ഇയാള്‍ ഷെയര്‍ ചെയ്തുകൊണ്ടിരുന്നത്. അവയൊക്കെ തന്നെ പെട്ടന്നു തന്നെ ട്വിറ്ററില്‍ ഹിറ്റാവുകയും ചെയ്തു. ഫോളോവര്‍മാരുടെ എണ്ണം ദിനംപ്രതി പെരുകി. ചുരുങ്ങിയദിവസം കൊണ്ട് തന്നെ ഫോളോവര്‍മാരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. സുന്ദരിക്കും അവളുടെ കിലിടന്‍ ബൈക്കുകള്‍ക്കും ലൈക്കുകളുടെയും റീട്വീറ്റുകളുടെയും പെരുമഴയായി. കണ്ണടച്ച് തുറക്കും മുന്‍പ് തന്നെ കൊണ്ടുതന്നെ അവള്‍ ജപ്പാനില്‍ ഒരു വന്‍ താരമായി.
 
എന്നാല്‍, പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നല്ലെ. അസുവാസുഗാകുയുകിയെ ചതിച്ചത് ലൈക്കുകള്‍ ഏറെ സമ്മായിച്ച ഒരു ചിത്രം തന്നെ. സുന്ദരിയുടെ ബൈക്കിന്റെ കണ്ണാടിയാണ് പണി പറ്റിച്ചത്. ആരാധകരില്‍ ചിലര്‍ പിറകിലെ കണ്ണാടി സൂക്ഷിച്ച്‌നോക്കിയപ്പോള്‍ അതില്‍ കാണുന്നത് ഒരു മധ്യവയസ്‌ക്കനെ. ഇതോടെ അന്വേഷണമായി. കള്ളി വെളിച്ചത്താവുകയും ചെയ്തു. യഥാര്‍ഥത്തില്‍ സോംഗു എന്ന അമ്പതുകാരനാണ് ഇതെന്ന് ഒരു വിനോദ ചാനല്‍ വൈകാതെ കണ്ടെത്തി. ഫോട്ടോഷോപ്പും ഫെയ്‌സ് ആപ്പും ഉപയോഗിച്ചായിരുന്നു ഇയാള്‍ തന്റെ മുഖം സുന്ദരിയുടേതായി എഡിറ്റ് ചെയ്തത്. അവര്‍ സോഗുവിനെ തേടിപ്പിടിക്കുകയും ചെയ്തു. തന്റെ യഥാര്‍ഥ രൂപം കാണിച്ചാല്‍ ആരും വരില്ലെന്ന് അറിയുന്നത് കൊണ്ടായിരുന്നു ഈ പ്രച്ഛന്നവേഷമെന്ന് സോംഗു തുറന്നുപറഞ്ഞു. ഒരു സാധാരണ മധ്യവയസ്‌ക്കന്‍ അയാളുടെ ബൈക്കിനൊപ്പം നിന്നാല്‍ ആരു നോക്കാന്‍. സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂടാന്‍ അമ്മാവനായിട്ട് കാര്യമില്ല, സുന്ദരിയായ യുവതിയാവുകയേ തരമുണ്ടായിരുന്നുള്ളൂ. ആദ്യമൊക്കെ പത്ത് ലൈക്കായിരുന്നു കിട്ടിയിരുന്നതെങ്കില്‍ പിന്നീട് പെണ്ണായപ്പോള്‍ ലൈക്കിന്റെ എണ്ണം ആയിരം കടന്നുവെന്നാണ് സോംഗുവിന്റെ ന്യായം.
 
Content Highlights: Japanese Female Biker Turns Out to be a 50 Year Old Man FaceApp