ലോകമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ജപ്പാനിലെ മുൻ രാജകുമാരി മാകോയുടെയും സാധാരണക്കാരനായ കേയി കൊമുറോയുടെയും പ്രണയവും വിവാഹവുമെല്ലാം. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് മാകോയെ കൊമുറോ സ്വന്തമാക്കിയത്. 

വിവാഹത്തെത്തുടര്‍ന്ന് രാജകീയ പദവികളും സ്വത്തുക്കളും വേണ്ടെന്നുവെച്ച മാകോ ഭര്‍ത്താവിനൊപ്പം ന്യൂയോര്‍ക്കിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച രാവിലെ ടോക്യോയില്‍നിന്ന് ഇരുവരും ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ യാത്ര പുറപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കനത്തസുരക്ഷയിലാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായില്ല. ന്യൂയോര്‍ക്കിലാണ്  കേയി കൊമുറോ നിയമപഠനം പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ ജോലി ചെയ്യുന്നതും. 

സാധാരണക്കാരനെ വിവാഹം കഴിച്ചതിനെത്തുടര്‍ന്നാണ് മാകോയ്ക്ക് രാജകീയ പദവികളും സ്വത്തുക്കളും നഷ്ടമായത്. 

ടോക്യോയിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ കോളേജില്‍ നിയമപഠനത്തിനിടെയാണ് മാകോ കേയി കൊമുറോയെ കണ്ടുമുട്ടുന്നത്. 2012-ല്‍ ആയിരുന്നു അത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി മാറുകയായിരുന്നു.

നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാല്‍, നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് മാകോ വ്യക്തമാക്കി. അതിനാല്‍, ആഘോഷങ്ങള്‍ ഒന്നുമില്ലാതായിരുന്നു വിവാഹം. 

രാജകുടുംബത്തില്‍നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി രാജകുടുംബം നല്‍കുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജകുടുംബത്തിലെ വനിതാ അംഗങ്ങള്‍ സാധാരണക്കാരനെ വിവാഹം കഴിച്ചാല്‍ അവരുടെ രാജകീയ പദവികളും അധികാരങ്ങളും നഷ്ടമാകുമെങ്കിലും രാജകുടുംബത്തിലെ പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല.

Content highlights: japan's former princess mako moves to new york with husband