തൊഴിലിടങ്ങളെ വീട്ടകങ്ങളിലേക്ക് കൊണ്ടുവരുന്ന മിക്ക മാതാപിതാക്കൾക്കും മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടിവരും. ടിവി ചർച്ചയ്ക്കിടയിലും ലൈവ് റിപ്പോർട്ടിങ്ങിനിടയിലുമൊക്കെ മക്കൾ അപ്രതീക്ഷിതമായി കയറിവരുന്നതിന്റെ വീഡിയോകൾ വൈറലായിരുന്നു. അക്കൂട്ടത്തിലേക്കിതാ മറ്റൊന്നുകൂടി. ന്യൂസിലൻ‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ ആണ് ഇക്കുറി സമാന സാഹചര്യത്തിലൂടെ കടന്നുപോയത്. 

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും ഫേസ്ബുക്ക് ലൈവിൽ സംസാരിക്കുകയായിരുന്നു ജസീന്ത. ഇതിനിടെയാണ് മൂന്നുവയസ്സുകാരിയായ മകളുടെ 'മമ്മീ' എന്ന വിളിയും ലൈവിൽ കേൾക്കുന്നത്. മകളോട് ഉറങ്ങുന്ന സമയമാണ്, ബെഡിലേക്ക് പൊയ്ക്കോളൂ, ഒരു മിനിറ്റിനുള്ളിൽ വരാം എന്ന് ജസീന്ത മകളോട് പറയുന്നതും കേൾക്കാം.

ശേഷം സ്ക്രീനിൽ നോക്കി ലൈവ് തടസ്സപ്പെട്ടതിന് ക്ഷമ ചോദിക്കുന്നുമുണ്ട് ജസീന്ത. തുടർന്ന് തന്റെ അമ്മ മകൾക്കൊപ്പമുണ്ടെന്നും മകളെ അമ്മ ഉറക്കുമെന്നും ജസീന്ത പറയുന്നുണ്ട്. ശേഷം ലൈവ് തുടരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മകൾ അമ്മയെ അന്വേഷിച്ചെത്തുന്നുണ്ട്. 

ലൈവ് നീണ്ടുപോയതിന് മകളോട് ക്ഷമ ചോദിക്കുന്ന ആർഡേൺ മകൾ നീവിനെ ഉറക്കാൻ തനിക്ക് പോകേണ്ടതുണ്ടെന്നും ലൈവ് അവസാനിപ്പുക്കുകയാണെന്നും പറയുകയാണ്. 

ഇത് അസാധാരണമായ കാഴ്ചയല്ലെന്നും മക്കളുള്ള മിക്ക അമ്മമാരും വീട്ടകങ്ങളിലിരുന്ന് ജോലി ചെയ്യുമ്പോൾ ഇതാണ് അവസ്ഥ എന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. 

2018 ജൂണില്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കുന്നത്. 1990 പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്കു ശേഷം ഒരു രാഷ്ട്രനേതാവ് അധികാരത്തില്‍ ഇരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമായിരുന്നു അത്. 

Content Highlights: jacinda ardern facebook live, jacinda ardern covid, jacinda ardern latest news,jacinda ardern daughter, jacinda ardern family