രാജ്യസേവനത്തിനായി തന്റെ തന്നെ പാത പിന്തുടരുന്ന മക്കളെ കാണുന്നത് ഏതൊരു സൈനികനും വലിയ അഭിമാനമാണ്. മുസോറിയിലെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിപി) പാസ്സിങ്ങ് പരേഡിലുണ്ടായ സംഭവവും അത്തരത്തിലൊന്നാണ്. ആരുടെയും മനസ്സു നിറയ്ക്കുന്ന ആ സംഭവത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

ഐടിബിപിയിലെ ഇന്‍സ്പെക്ടര്‍ ആയ കംലേഷ് കുമാര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയത്, തന്റെ മകള്‍ ദിക്ഷ അസ്സിസ്റ്റന്റ് കമാന്‍ഡറായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു. ദീക്ഷയെ സര്‍വ്വീസില്‍ ഉള്‍പ്പെടുത്തുന്ന ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ കംലേഷ് എണീറ്റ് നിന്ന് തന്റെ മകളെ സല്യൂട്ട് ചെയ്ത് അഭിനന്ദനം അറിയിക്കുയും ചെയ്തു. അച്ഛന്റെയും മകളുടെയും ആ അപൂര്‍വ്വ നിമിഷങ്ങള്‍ ഐടിബിപി തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്ക് വെച്ചതോടെയാണ് സംഭവം വൈറലായത്. 

'അഭിമാനത്തോടെ മകള്‍ക്ക് ഒരു സല്യൂട്ട്. ഐടിബിപിയില്‍ ദിക്ഷ അസ്സിസ്റ്റന്റ് കമ്മാന്‍ഡന്റ് ആയി ചുമതലയേറ്റു. മുസ്സോറിയിലെ ഐടിബിപി അക്കാദമിയില്‍ ഇന്ന് നടന്ന് പാസ്സിങ്ങ് ഔട്ട് പരേഡിലും തുടര്‍ന്നു നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങിനും ശേഷം, അവളുടെ അച്ഛനും ഐടിബിപിയിലെ ഇന്‍സ്പെക്ടറുമായ സിഎം കംലേഷ് കുമാര്‍ ദിക്ഷയ്ക്ക് ആദ്യ ഔദ്യോഗിക സല്യൂട്ട് നല്‍കി.'' എന്നാണ് പോസ്റ്റിനൊപ്പമുള്ള ക്യാപ്ഷന്‍.

ഐടിബിപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച അച്ഛന്റെയും മകളുടെയും ചിത്രത്തിനും പോസ്റ്റിനും കീഴെ ഒട്ടേറെ പേരാണ് അഭിനന്ദനവുമായെത്തിയത്. ദിക്ഷയെയും കംലേഷിനെയും അഭിന്ദിക്കുക മാത്രമല്ല ചെയ്തത്, ഇത് രാജ്യത്തിന്റെ കൂടി അഭിമാന നിമിഷമാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ സേവനമനുഷ്ടിച്ചിടത്തേക്ക് മകള്‍ എത്തുമ്പോള്‍ ഈ അച്ഛന് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഐടിബിപിയില്‍ സേവനം അനുഷ്ടിക്കാന്‍ അവസരം ലഭിച്ച ആദ്യത്തെ രണ്ട് സ്ത്രീകളില്‍ ഒരാള്‍ കൂടിയാണ് ദിക്ഷ.

Content Highlights: ITBP Inspector Father Salutes Daughter After Her Induction in Border Police