കോട്ടയം: എല്ലാ സൗകര്യങ്ങളോടെയും ജീവിക്കുമ്പോഴും ഇല്ലായ്മകളുടെ സങ്കടങ്ങള്‍ കാണാന്‍ കഴിയുമെന്ന് തന്റെ ജീവിതംകൊണ്ട് കാണിച്ച് കോട്ടയം പള്ളിക്കൂടം അക്കാദമി സ്‌കൂള്‍ വിദ്യാര്‍ഥിനി ഇഷാനി മഹേഷ് പിള്ള. ഇഷാനി നടത്തിയ നന്മയുള്ള സാമൂഹ്യപ്രവര്‍ത്തനത്തിന് അംഗീകാരമായി ലഭിച്ചത്, ഡയാനരാജകുമാരിയുടെ ഓര്‍മയ്ക്കായി മക്കള്‍ ഹാരിയും വില്യമും ചേര്‍ന്ന് നല്‍കുന്ന ഡയാന പുരസ്‌കാരവും.

ദുബായില്‍ കൊച്ചുക്ലാസുകളില്‍ പഠിക്കുമ്പോഴേ ഇഷാനിക്ക് ബുദ്ധിമുട്ടുന്നവരുടെ ജീവിതം കണ്ടാല്‍ സങ്കടം വരുമായിരുന്നു. ദുബായിലെ ശ്രീനാരായണ ദേവാ സംഘം, ആസ്റ്റര്‍ വൊളന്ററി സംഘം എന്നിവര്‍ക്കൊപ്പം, മരുഭൂമിയില്‍ ദുരിതജീവിതം നയിക്കുന്നവര്‍ക്ക് സാധനങ്ങളെത്തിക്കാന്‍ പോയപ്പോള്‍ ഇഷാനി ഇല്ലായ്മകളുടെ മറ്റൊരു ലോകമാണ് അടുത്തറിഞ്ഞത്. ലോക്ഡൗണില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്ന കുട്ടികളെ പല മേഖലകളിലും കണ്ടു. കോവിഡ്മൂലം സ്‌കൂളില്‍ പോകാന്‍പറ്റാത്ത ചിലര്‍ക്ക് ലാപ്ടോപ്പില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടുന്നുവെന്ന് മനസ്സിലായി. മടങ്ങിവരുമ്പോള്‍ തന്റെ കുഞ്ഞുസമ്പാദ്യമെത്രയെന്ന് നോക്കി. പലപ്പോഴായി പോക്കറ്റ് മണിയായും ഓര്‍ഗാനിക് സോപ്പ് നിര്‍മിച്ച് സമ്പാദിച്ചതുമായ പണമുപയോഗിച്ച് 12 പേര്‍ക്ക് ലാപ്‌ടോപ്പ് നല്‍കി.

അച്ഛന്റെയും അമ്മയുടെയും കുടുംബനാടായ ചെങ്ങന്നൂരിലെ സര്‍ക്കാര്‍സ്‌കൂളിലും ലാപ്ടോപ് സഹായം വിമാനത്തിലേറിയെത്തി; ഒപ്പം ഇഷാനിയും. നാട്ടിലെ സ്‌കൂളുകളുടെ മാത്രമല്ല, വിദ്യാര്‍ഥികളുടെ അവസ്ഥയും തിരിച്ചറിയാന്‍ കിട്ടിയ നാളില്‍ ഇഷാനി മറ്റൊരു തീരുമാനംകൂടി എടുത്തു. നിലവില്‍ വിദേശരാജ്യങ്ങളിലുള്ള 'മെയ്ക്ക് എ വിഷ് ഫൗണ്ടേഷന്‍'പോലൊന്നിന് കേരളത്തിലും തുടക്കമിടുക. സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് കൊച്ച് ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുക.

ഇതൊക്കെ നമുക്ക് പറ്റുമോയെന്ന് സംശയം പ്രകടിപ്പിച്ചത് ഇഷാനിയുടെ മാതാപിതാക്കളാണ്. അച്ഛന്‍ ദുബായ് സ്‌കൈലൈന്‍ സര്‍വകലാശാല പ്രൊഫസര്‍ മഹേഷ് പിള്ളയ്ക്കും അമ്മ ഓര്‍ക്കിഡ് ഇന്‍ഫെര്‍ട്ടിലിറ്റിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ശ്രീലതയ്ക്കുമുള്ള ആശങ്ക പക്ഷേ, ഇഷാനിക്കില്ല. 'ഞാന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ വില്‍ക്കും. പുസ്തകങ്ങള്‍ എഴുതിയും തുക കണ്ടെത്തും'.

ഇതിനോടകം ഇഷാനി സര്‍വീസസ് ഇന്‍ഷ്യേറ്റീവ് എന്ന പദ്ധതിയിലൂടെ സോപ്പ് നിര്‍മിച്ചുവിറ്റ ഇഷാനി ഇനി ചിത്രങ്ങളും വില്‍ക്കാനെത്തും. ലണ്ടനില്‍ നടക്കാറുള്ള ഡയാന അവാര്‍ഡ് ചടങ്ങ് ഇക്കുറി കോവിഡ് മൂലം ഓണ്‍ലൈനിലായി.

ഒരുവര്‍ഷംമുമ്പാണ് കോട്ടയം പള്ളിക്കൂടത്തില്‍ ചേര്‍ന്നത്. അക്കാലംമുതല്‍ കോവിഡായതിനാല്‍ ദുബായിലെ വീട്ടിലിരുന്നാണ് ഇഷാനിയും ഇപ്പോള്‍ ക്ലാസില്‍ കയറുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.ജി.രാമകൃഷ്ണപിള്ളയുടെ ചെറുമകളാണ്. ഏഴാംക്ലാസുകാരിക്ക് സ്വന്തം ശ്രമഫലമായി, അര്‍ഹരായ 30 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് എത്തിക്കാന്‍ കഴിയും.

Content Highlights: Ishani Mahesh Pillai a seventh standard student from Kerala won The Diana award