പാറശ്ശാല: ‘ഈ ചിരി കണ്ടാൽ പ്രായം തോന്നുകയേ ഇല്ല’- കൊച്ചു കുഞ്ഞിനെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരിയമ്മച്ചിയുടെ ചിരിക്കു മുൻപിൽ ആരും ഇങ്ങനെ പറഞ്ഞുപോകും. വയസ്സെത്രയായി എന്നു ചോദിച്ചാൽ ‘അതൊന്നും ഓർത്തുവയ്ക്കാറില്ലെന്ന്’ ചിരിച്ചുകൊണ്ട് ആദ്യം ഉത്തരം കിട്ടും. 98 കഴിഞ്ഞിട്ടുണ്ടാകുമെന്ന് പിന്നെ ഓർത്തെടുക്കും.

വയോജനകാലം ഒറ്റപ്പെടലിന്റെയും വേദനകളുടെയും കാലഘട്ടമെന്നു പറഞ്ഞു വിലപിക്കുന്നവരിൽനിന്നു വ്യത്യസ്തമായി, കാരോട് അമ്പിലിക്കോണം സ്വദേശിനി പങ്കജാക്ഷിയാണ് 98-ാം വയസ്സിലും മുഖത്ത് സദാ നിറയുന്ന ചിരിയുമായി നാട്ടുകാരുടെ പുഞ്ചിരിയമ്മച്ചിയായി മാറിയത്.

മകളുടെയും ചെറുമക്കളുടെയുമൊപ്പം കഴിയുന്ന പുഞ്ചിരിയമ്മച്ചി സ്വയം ചിരിക്കുന്നതിനോടൊപ്പം മറ്റുള്ളവരെ ചിരിപ്പിക്കുകയും ചെയ്യും.

ആരെക്കണ്ടാലും ചിരിച്ചുകൊണ്ടു വിശേഷങ്ങൾ ചോദിക്കും. അവരെല്ലാം തങ്ങളുടെ വിഷമങ്ങൾ മാറ്റിവച്ച് ഈ ചിരിക്കൂട്ടിൽ പങ്കുചേരും. കാഴ്ചയ്ക്കു നേരിയ മങ്ങലുണ്ടെന്നതൊഴിച്ചാൽ ആരോഗ്യവതിയാണ് പങ്കജാക്ഷി. കുടുകുടെയുള്ള ചിരിയാണ് മുത്തശ്ശിയുടെ ആരോഗ്യരഹസ്യമെന്നാണ് നാട്ടുകാരുടെ പക്ഷം.

പുഞ്ചിരിമുത്തശ്ശിക്ക് അഞ്ചു മക്കളാണുള്ളത്. ഭർത്താവ് മരിച്ച ഇവർ ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് മക്കളെ വളർത്തിയത്. പുളി വിറ്റും ഓല മെടഞ്ഞു വിറ്റും ഒക്കെയായി... കുറച്ചുകാലം മുൻപു വരെ സമീപത്തെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ശുചീകരണജോലികൾ ചെയ്തിരുന്നു. രണ്ടു വർഷം മുൻപ്‌ വീണു പരിക്കേറ്റതിനെത്തുടർന്ന് വീടിനു പുറത്തു പോകാറില്ല.

രാവിലെ മുതൽ വീടിനു മുന്നിലിരിക്കുന്ന മുത്തശ്ശിക്ക് റോഡിൽക്കൂടി പോകുന്ന ഓരോ വ്യക്തിയെയും പരിചയമാണ്‌. അവരുടെ വിശേഷങ്ങൾ മനഃപാഠമാണ്. മുത്തശ്ശിയുടെ സൗഹൃദപ്പട്ടികയിൽ വയോജനങ്ങൾ മുതൽ രണ്ടു വയസ്സുള്ള കുട്ടികൾ വരെയുണ്ട്.

എന്തു പറഞ്ഞാലും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന പുഞ്ചിരിമുത്തശ്ശി പകരുന്ന ഊർജം വളരെ വലുതാണെന്നാണ് പുതുതലമുറ പോലും പറയുന്നത്. വോട്ടവകാശം ലഭിച്ച നാൾ മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും താൻ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുഞ്ചിരിയമ്മച്ചി പറയുന്നത്. എന്നാൽ, വോട്ട് ഏതു പാർട്ടിക്കാണെന്നു ചോദിച്ചാൽ കണ്ണിറുക്കിയുള്ള പൊട്ടിച്ചിരിയാണ് മറുപടി.

Content Highlights: International Day of Older Persons