കൊച്ചി: ''ബിഹാറിലെ എന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ആഗ്രഹങ്ങള്‍ വളരെ കുറവാണ്. അവര്‍ക്ക് ആഗ്രഹങ്ങളുണ്ടാകണം, അവര്‍ വിജയത്തിന്റെ ആകാശങ്ങളിലേക്കു പറക്കണം...'' ഐ.എ.എസുകാരിയായി തന്റെ ഗ്രാമത്തിലേക്കു തിരിച്ചെത്താന്‍ കൊതിക്കുന്ന പായലിന്റെ സ്വപ്‌നങ്ങള്‍ ഇനി പച്ചപിടിക്കും. എം.ജി. സര്‍വകലാശാലയുടെ ബി.എ. ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ പായല്‍ എന്ന ബിഹാറി പെണ്‍കുട്ടിയുടെ ജീവിതകഥ ഞായറാഴ്ച 'മാതൃഭൂമി' വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയും ഇടയില്‍നിന്ന് കഠിനാധ്വാനം കൊണ്ട് പറന്നുയരുന്ന പായലിന് സഹായവുമായി ഒട്ടേറെ സ്‌നേഹവിളികളാണ് ഞായറാഴ്ച ലഭിച്ചത്. വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ വഹിക്കാമെന്നായിരുന്നു മിക്കവരുടെയും വാഗ്ദാനം. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി പി.കെ. ബാലന്‍ കര്‍ത്ത പായലിനും കുടുംബത്തിനും വീടുവെക്കാന്‍ അഞ്ചു സെന്റ് സ്ഥലമാണ് വാഗ്ദാനം ചെയ്തത്.

ഞായറാഴ്ച വൈകുന്നേരം പൂക്കാട്ടുപടി കങ്ങരപ്പടിയിലെ വാടകവീട്ടിലെത്തുമ്പോള്‍ പുതിയ ഉയരങ്ങളിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായിരുന്നു പായല്‍. എം.എ. ഹിസ്റ്ററിക്ക് പ്രവേശനം കിട്ടിയ പായലിന് അടുത്തയാഴ്ച ക്ലാസ് തുടങ്ങും. അതോടൊപ്പം തിരുവനന്തപുരത്തെ ഐ.എ.എസ്. പരിശീലന സ്ഥാപനത്തില്‍ ഓണ്‍ലൈനായി ഐ.എ.എസ്. കോച്ചിങ് ക്ലാസിലും പങ്കെടുക്കുന്നു. പായലിന്റെ അവസ്ഥയറിഞ്ഞ പരിശീലന സ്ഥാപനം സ്‌കോളര്‍ഷിപ്പോടെയാണ് പ്രവേശനം നല്‍കിയത്.

പായലിനെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച അച്ഛന്‍ പ്രമോദ് കുമാര്‍ സിങ്ങും അമ്മ ബിന്ദു ദേവിയും സുമനസ്സുകളുടെ സ്‌നേഹവിളികള്‍ക്കു മുന്നില്‍ കൈ കൂപ്പുകയാണ്. ബിഹാറിലെ ഗോസായ്മാധി എന്ന ഒറ്റപ്പെട്ട ഗ്രാമത്തിലേക്ക് സഹോദരങ്ങളായ ആകാശും പല്ലവിയും പായല്‍ ഐ.എ.എസുകാരിയാകുന്നതാണ് ഇപ്പോള്‍ സ്വപ്‌നം കാണുന്നത്. സ്‌നേഹമഴ പെയ്യിച്ച എല്ലാവര്‍ക്കും നന്ദി പറയുമ്പോഴും പായല്‍ ആ വാചകം ആവര്‍ത്തിച്ചു... ''എന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്കു ആഗ്രഹമുണ്ടാകണം, അവര്‍ വിജയത്തിന്റെ ആകാശങ്ങളിലേക്കു പറക്കണം...'' പഠിക്കാനുള്ള മോഹത്തിന് ചിറകുനല്‍കി സുമനസ്സുകള്‍ രംഗത്തു വന്നതോടെ നിറഞ്ഞ പ്രതീക്ഷയിലാണ് പായലും കുടുംബവുമിപ്പോള്‍.

ഞായറാഴ്ച 'മാതൃഭൂമി' വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരിച്ച പായലിന്റെ ജീവിതകഥ വായിക്കാം

Content Highlights: inspiring life of migrant worker's daughter payal kumari