സമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടാനും വൈറലാകാനും പലരും പലമാര്‍ഗങ്ങളും തേടാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെയ്ക്കുന്നതിനായി മധ്യപ്രദേശിലെ ഇന്ദോറില്‍ തിരക്കേറിയ ജംഗ്ഷനായ റാസോമ സ്‌ക്വയറിലെ റോഡില്‍ നൃത്തം ചെയ്ത് പുലിവാല് പിടിച്ചിരിക്കുകയാണ് ശ്രേയ കല്‍റ എന്ന യുവതി. ട്രാഫിക് സിഗ്നലില്‍ ചുവപ്പ് നിറം വന്നപ്പോള്‍ സീബ്രാലൈനില്‍ നിന്നാണ് യുവതി നൃത്തം ചെയ്തത്. എന്നാല്‍, ഗുരുതരമായ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പോലീസ് ഇവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. 

നാലുദിവസം മുമ്പാണ് ശ്രേയ തന്റെ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചത്. പൊടുന്നനെ ഇത് വൈറലായി. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സീബ്രാ ലൈനില്‍ അമേരിക്കന്‍ ഗായികയായ ഡോജാ ക്യാറ്റിന്റെ വിമെന്‍ എന്ന ഗാനത്തിനാണ് ചുവടുവെച്ചത്. ഈ സമയം റോഡിലുണ്ടായിരുന്ന കാറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. വീഡിയോ തുടങ്ങുന്നതിനു മുമ്പ് ഒരു പൊതുഇടത്തില്‍വെച്ച് മാസ്‌കില്ലാതെ ശ്രേയ സംസാരിക്കുന്നതും കാണാന്‍ കഴിയും. ഒട്ടേറെ പേര്‍ യുവതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shreya Kalra (@shreyakalraa)

മോട്ടോര്‍ വാഹന നിയമപ്രകാരം യുവതിക്കെതിരേ കേസെടുക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര പറഞ്ഞു. 'യുവതിയുടെ ആഗ്രഹം എന്തുതന്നെയായാലും ചെയ്തത് തെറ്റാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിടും. ഭാവിയില്‍ സമാനമായ തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണത്'-മന്ത്രി വ്യക്തമാക്കി.

നിയമം ലംഘിച്ചതിനു നടപടിയെടുക്കുമെന്ന അറിയിപ്പു വന്നതോടെ വീഡിയോയുടെ ക്യാപ്ഷനില്‍ ശ്രേയ മാറ്റം വരുത്തി. ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് തന്നെ ഫോളോ ചെയ്യുന്നവരോട് അവര്‍ ആവശ്യപ്പെട്ടു. നിയമം ലംഘിക്കരുതെന്നും ട്രാഫിക് സിഗ്നലില്‍ ചുവപ്പ് നിറം അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ അവിടെ നില്‍ക്കണമെന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാസ്‌ക് ധരിക്കാനും ഫോളോവേഴ്‌സിനോട് അവര്‍ ആവശ്യപ്പെട്ടു. സാമൂഹികമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നതിനായി മോട്ടോര്‍സൈക്കിളില്‍ അഭ്യാസം നടത്തിയ രണ്ടുപേരെ അടുത്തിടെ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Content highlights: indore womans viral zebra crossing dance was a hit with all except police