കൊല്ലം: തീവണ്ടികളില്‍ ഇനി സ്ത്രീകള്‍ക്ക് പേടികൂടാതെ യാത്രചെയ്യാം. സ്ത്രീസുരക്ഷ ഉറപ്പാക്കാനായി ആര്‍.പി.എഫിന്റെ പെണ്‍സംഘങ്ങള്‍ യാത്രയുടെ തുടക്കംമുതല്‍ ഒടുക്കംവരെ ഒപ്പമുണ്ടാകും. ഓട്ടം തുടങ്ങുന്ന സ്റ്റേഷനില്‍നിന്നുതന്നെ റെയില്‍വേ പോലീസിലെ യുവ വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തീവണ്ടികളില്‍ കയറും. യാത്ര അവസാനിക്കുംവരെ അവര്‍ തീവണ്ടിക്കുള്ളില്‍ റോന്തുചുറ്റിക്കൊണ്ടിരിക്കും.

വനിതായാത്രക്കാരോട് സംസാരിച്ച് സുരക്ഷാ ബോധവത്കരണം നടത്തുകയാണ് ആദ്യപടി. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുമായി നിര്‍ബന്ധമായും സംസാരിക്കണമെന്നാണ് നിര്‍ദേശം. യാത്രയ്ക്കിടെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടായാല്‍ ആര്‍.പി.എഫ്. ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 182ല്‍ വിളിക്കണമെന്ന് പറയും. സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി വന്നാല്‍, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ തലത്തില്‍ നടപടി സ്വീകരിക്കും. റെയില്‍വേയുടെ പുതിയ സംരംഭത്തിന് മേരീ സഹേലി (എന്റെ കൂട്ടുകാരി) എന്നാണ് പേരിട്ടിരിക്കുന്നത്.

ആര്‍.പി.എഫ്. സംഘം വനിതായാത്രക്കാരുടെ സീറ്റ് നമ്പരുകള്‍ ശേഖരിച്ച്, വഴിമധ്യേയുള്ള സ്റ്റോപ്പുകളില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുള്ളവര്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കോച്ചുകളും ബെര്‍ത്തുകളും നിരീക്ഷിക്കണമെന്നും ആവശ്യമെങ്കില്‍ വനിതായാത്രക്കാരെ സഹായിക്കണമെന്നും പറഞ്ഞിട്ടുണ്ട്. തീവണ്ടികളില്‍നിന്നിറങ്ങുന്ന യാത്രക്കാരില്‍നിന്ന് 'കൂട്ടുകാരി' ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ശേഖരിക്കും. ഇത് വിശകലനം ചെയ്ത് ആവശ്യമെങ്കില്‍ തിരുത്തേണ്ടവ തിരുത്തുമെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു.

ദക്ഷിണ റെയില്‍വേ 'മേരി സഹേലി'യുടെ 17 സംഘങ്ങള്‍ രൂപവത്കരിച്ചു. തിരുവനന്തപുരം ഡിവിഷനുകീഴില്‍ നാഗര്‍കോവില്‍, തിരുവനന്തപുരം, എറണാകുളം സൗത്ത് സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനില്‍ മംഗലാപുരം സെന്‍ട്രല്‍ സ്റ്റേഷനിലുംനിന്ന് യാത്ര പുറപ്പെടുന്ന തീവണ്ടികളിലാണ് ഇവര്‍ പ്രവര്‍ത്തിക്കുക.

Content Highlights: Indian Railways launches 'Meri Saheli' to provide safety to women passengers