പരിസ്ഥിതി മലിനീകരണത്തിന് ഫാഷന്‍ ഇന്‍ഡസ്ട്രി വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, പരിസ്ഥിതി സൗഹാര്‍ദമായി ഫാഷന്‍ രംഗത്തെ മാറ്റാന്‍ ചിലരെങ്കിലും ശ്രമിച്ചു വരുന്നു. അടുത്തിടെ യു.കെ.യില്‍ നടന്ന എര്‍ത്ത് പ്രൈസ് അവാര്‍ഡ് നിശയില്‍ പുനരുപയോഗിച്ച വസ്ത്രങ്ങളണിഞ്ഞ് സെലിബ്രിറ്റികള്‍ എത്തിയത് ശ്രദ്ധ നേടിയിരുന്നു. 

തുണിഫാക്ടറികളില്‍നിന്നുള്ള മിച്ചം വന്ന തുണി കഷ്ണങ്ങള്‍ ശേഖരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ചെയ്ത് ശ്രദ്ധ നേടുകയാണ് ഡല്‍ഹിയില്‍നിന്നുള്ള ഫാഷന്‍ ഡിസൈനര്‍ കൃതി ടുല. കൃതിയുടെ ഡൂഡ്‌ലാഗ് എന്ന സ്ഥാപനമാണ് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഫാഷന്‍ വിപ്ലവത്തിന് നേതൃത്വം നല്‍കുന്നത്. ആഗോളതാപനത്തിനും ഫാഷന്‍ ഇന്‍ഡ്‌സ്ട്രി പ്രകൃതിക്കേല്‍പ്പിക്കുന്ന ആഘാതങ്ങളില്‍നിന്നും ഒരു പരിധിവരെ തടയാന്‍ ഇത് സഹായിക്കുമെന്ന് കൃതി പറഞ്ഞു.

പ്രമുഖ വസ്ത്ര കയറ്റുമതി സ്ഥാപനങ്ങളില്‍ പ്രകൃതിയ്ക്ക് ഹാനികരമായ രീതിയില്‍ തുണി മാലിന്യവും വെള്ളവും വിഷപദാര്‍ത്ഥങ്ങളും പുറന്തള്ളപ്പെടുന്നുണ്ട്. നമ്മള്‍ ധരിക്കുന്നതെല്ലാം നമ്മുടെ ഭക്ഷണത്തെയും നമ്മള്‍ ശ്വസിക്കുന്ന വായുവിനെയും സ്വാധീനിക്കും-അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കൃതി പറഞ്ഞു. 

ആദ്യകാലങ്ങളില്‍ പാഴ്തുണികളില്‍ നിന്ന് പുതിയ വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത് സങ്കീര്‍ണത നിറഞ്ഞതായിരുന്നുവെന്നും ഇത്തരം വസ്ത്രങ്ങള്‍ക്ക് മറ്റുള്ളവര്‍ കരുതുന്നതിനേക്കാള്‍ വില കൂടുതലാണെന്നും കൃതി വ്യക്തമാക്കി. പതിയെ പുനരുപയോഗിച്ച വസ്ത്രങ്ങള്‍ക്ക് കച്ചവടക്കാരും മറ്റ് വസ്ത്രവ്യാപാരികളും തന്നെ തേടിയെത്തുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വസ്ത്രങ്ങള്‍ കൂടാതെ പാഴ്തുണി ഉപയോഗിച്ച് കളിപ്പാട്ടങ്ങള്‍, ബാഗുകള്‍, പഴ്‌സുകള്‍ എന്നിവയും കൃതി നിര്‍മിച്ചു നല്‍കുന്നുണ്ട്. 

ഭൂമിയിലെ എട്ടു മുതല്‍ 10 ശതമാനം വരെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണം ഫാഷന്‍ ഇന്‍ഡസ്ട്രിയാണ്. ഇത് അന്താരാഷ്ട്രതലത്തില്‍ വിമാനങ്ങളും കപ്പലുകളും ചേര്‍ന്നു പുറന്നള്ളുന്ന കാര്‍ബണിനേക്കാള്‍ അധികം വരുമെന്ന് 2019-ല്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ, ഏറ്റവും കൂടുതല്‍ ജലം ഉപയോഗിക്കുന്ന മേഖലകൂടിയാണ് ഫാഷന്‍ ഇന്‍ഡസ്ട്രി. ഒപ്പം ലോകത്തിലെ മലിനജലത്തിന്റെ 20 ശതമാനവും പുറന്തള്ളുന്നത് ഈ മേഖലയാണെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 

Content highlights: indian designer finds sustainable way to high fashion turns rags to designer dresses