ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ പെണ്‍പൈലറ്റുമാര്‍  ജൂണ്‍ 18-ന് ആദ്യമായി പോര്‍വിമാനങ്ങള്‍ പറത്തും. വ്യോമസേനാമേധാവി അരൂപ് രാഹ അറിയിച്ചതാണ് ഇക്കാര്യം. ഇതുവരെ മൂന്ന് വനിതാപൈലറ്റുമാര്‍ പോര്‍വിമാനങ്ങള്‍ പറത്താന്‍ സന്നദ്ധരായിട്ടുണ്ട്. ഇവര്‍ രണ്ടാംഘട്ട പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ പരിശീലനം പൂര്‍ത്തിയായാല്‍ ഈ വര്‍ഷം ജൂണ്‍ 18-ന് നടക്കുന്ന പരേഡില്‍ പുരുഷ പൈലറ്റുമാര്‍ക്കൊപ്പം വനിതാപൈലറ്റുമാരും വിമാനം പറപ്പിക്കും രാഹ പറഞ്ഞു. 

ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ പറപ്പിക്കാന്‍ വനിതകളേയും നിയോഗിക്കണമെന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയ പ്രതിരോധമന്ത്രി മനോഹര്‍ പരിക്കാറിന്  രാഹ നന്ദി അറിയിച്ചു. യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാപൈലറ്റുമാരെ നിയോഗിക്കുന്ന വിഷയം നേരത്തേ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് കേന്ദ്രപ്രതിരോധ വകുപ്പിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്  ഡല്‍ഹിയില്‍ വ്യോമസേനയുടെ 83ാം പിറന്നാള്‍ ആഘോഷച്ചടങ്ങിനിടെ വ്യോമസേനയുടെ പോര്‍വിമാനങ്ങള്‍ പറത്താന്‍ വനിതകള്‍ക്കും അവസരം നല്‍കുമെന്നും റാഹ പ്രഖ്യാപനം നടത്തിയിരുന്നു.