ശ്രീനഗര്‍: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് ആയി കശ്മീരില്‍ നിന്നുള്ള അയേഷാ അസീസ്. കശ്മീരില്‍ നിന്നുള്ള നിരവധി സ്ത്രീകളുടെ പ്രതീക്ഷയും പ്രചോദനവുമാവുകയാണ് ഇരുപത്തിയഞ്ചുകാരിയായ അയേഷ.
2011ല്‍ പതിനഞ്ചു വയസ്സുള്ളപ്പോഴാണ് ലൈസന്‍സ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാര്‍ഥി പൈലറ്റ് എന്ന നേട്ടത്തിലേക്ക് അയേഷ എത്തുന്നത്. അടുത്തവര്‍ഷം റഷ്യയിലെ സോകോള്‍ എയര്‍ബേസില്‍ മിഗ്-29 പറത്താനുള്ള പരിശീലനവും പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് ബോംബെ ഫ്‌ളൈയിങ് ക്ലബില്‍ നിന്ന് ഏവിയേഷനില്‍ ബിരുദം പൂര്‍ത്തിയാക്കുകയും 2017ല്‍ കൊമേഴ്‌സ്യല്‍ ലൈസന്‍സ് നേടുകയുമായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കശ്മീരി സ്ത്രീകള്‍ വിദ്യാഭ്യാസ തലത്തില്‍ ഏറെ മുന്നിലെത്തുന്നുണ്ടെന്ന് അയേഷ പറയുന്നു. വെല്ലുവിളികളുള്ള ഈ മേഖല തന്നെ കരിയറായി തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അയേഷ എന്‍ഐയോട് പറഞ്ഞു.
'' ഞാന്‍ കുട്ടിക്കാലം തൊട്ടേ ധാരാളം യാത്രകള്‍ ചെയ്യുന്നുണ്ട്, അതുകൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്. ധാരാളം ആളുകളെ കാണാനുള്ള അവസരം ലഭിക്കുന്നതിനൊപ്പം വിമാനം പറത്തണമെന്ന് കുട്ടിക്കാലം തൊട്ട് ആഗ്രഹിച്ചിരുന്നു. ഇത് സാധാരണപോലെ ഒമ്പതുമുതല്‍ അഞ്ചുവരെയുള്ള ജോലിയല്ലെന്ന് അറിയാം, അതുകൊണ്ടുതന്നെ ധാരാളം വെല്ലുവിളികളും ഉണ്ടാവും. സ്ഥിരമായ ശൈലിയുണ്ടാവില്ലെന്നു മാത്രമല്ല പുതിയ മുഖങ്ങളും കാലാവസ്ഥയുമൊക്കെ നേരിടാന്‍ തയ്യാറാവണം. മാത്രമല്ല ഈ പ്രൊഫഷന്‍ തിരഞ്ഞെടുക്കുന്നവരുടെ മാനസികാവസ്ഥയും പ്രധാനമാണ്. കാരണം ഇരുനൂറോളം യാത്രികരെ വഹിച്ച് പറക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്.''- അയേഷ പറയുന്നു.
തന്നെ ഈ മേഖല തിരഞ്ഞെടുക്കാന്‍ പൂര്‍ണ പിന്തുണ നല്‍കിയ മാതാപിതാക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അയേഷ. തന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെനിന്ന് പിന്തുണയ്ക്കുന്ന മാതാപിതാക്കളാണ് തന്റെ ഭാഗ്യം. അവരില്ലായിരുന്നെങ്കില്‍ ഇന്നത്തെ നേട്ടം കരസ്ഥമാക്കാന്‍ കഴിയില്ല. പ്രൊഫഷണല്‍ മേഖലയിലും വ്യക്തിപരമായും വളര്‍ച്ചയ്ക്കു വേണ്ടി എന്നും ആഗ്രഹിക്കുന്നവളാണ് താന്‍. അച്ഛനാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്നും അയേഷ പറയുന്നു.
Content Highlights: India's youngest female pilot Ayesha Aziz speaking