കുടുംബത്തിനായി ജോലിയും കരിയറുമെല്ലാം വേണ്ടെന്ന് വയ്ക്കേണ്ടി വരുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടുപോകുന്നവരും ഏറെ. തന്റെ ജോലിയോടുള്ള ആത്മാർത്ഥതകൊണ്ട് കൈക്കുഞ്ഞുമായി ജോലിക്കെത്തിയ ഈ യുവതി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇഷ്ടതാരമാണ്. മോഡിനഗറിലെ സബ്ഡിവിഷണൽ മജിസ്ട്രേറ്റാണ് സൗമ്യ പാണ്ഡേ എന്ന യുവതി. സൗമ്യയ്ക്ക് കുഞ്ഞു പിറന്നിട്ട് പതിനാലു ദിവസമായതേയുള്ളു.

ഗാസിയാബാദ് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളുടെ മേൽനോട്ടമാണ് ജൂലൈ മുതൽ സൗമ്യയ്ക്ക്. കുഞ്ഞു പിറന്നതോടെ സൗമ്യയ്ക്ക് ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമോ എന്ന ആശങ്കയായിരുന്നു. എന്നാൽ പതിനാല് ദിവസം കഴിഞ്ഞപ്പോഴേ കുഞ്ഞും സൗമ്യയും ജോലിക്ക് റെഡി.

' ഞാനൊരു ഐഎഎസ് ഓഫീസറാണ്, എന്റെ ജോലി ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ചും കൊറോണക്കാലത്ത്. കുഞ്ഞിന് ജന്മം നൽകാനും അതിനെ സംരക്ഷിക്കാനുമുള്ള ശക്തി ദൈവം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ ഗർഭിണികളായ സ്ത്രീകൾ അവരുടെ ജീവനോപാധികൾക്കായുള്ള ജോലികളും വീട്ടുകാര്യങ്ങളുമെല്ലാം ഒന്നിച്ച് നോക്കാറുണ്ട്. കുഞ്ഞ് പിറന്നാലും കുഞ്ഞിനെ നോക്കുന്നതും മറ്റ് ജോലികളും അവർ ഒന്നിച്ചു കൊണ്ടുപോകാറുണ്ട്. ദൈവാനുഗ്രഹം കൊണ്ട് എന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലിയും മൂന്നാഴ്ച പ്രായമുള്ള എന്റെ പെൺകുഞ്ഞിനെയും എനിക്ക് ഒരുമിച്ച് നോക്കാൻ കഴിയുന്നുണ്ട്.' സൗമ്യ എഎൻഐയോട് പ്രതികരിച്ചത് ഇങ്ങനെ.

' എന്റെ കുടുംബം എനിക്ക് എല്ലാ പിന്തുണയും നൽകുന്നു. ഗാസിയാബാദിലെ എല്ലാ സഹപ്രവർത്തകരും എനിക്ക് കുടുംബം പോലെയാണ്, അവർ നൽകുന്ന പിന്തുണയും വളരെ വലുതാണ്.' തന്റെ സഹപ്രവർത്തകരോടുള്ള നന്ദിയും സൗമ്യ പ്രകടിപ്പിക്കാൻ മറന്നില്ല. ഇതിനെല്ലാം ഒപ്പം ഗർഭിണികളും അമ്മമാരും കൊറോണക്കാലത്ത് എല്ലാ സുരക്ഷയും ഉറപ്പാക്കണമെന്നും സൗമ്യ പറയുന്നു.

Content Highlights:IAS officer Saumya Pandey returned to work 14 days after giving birth