ലോകം മുഴുവന്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലാണ്. രാവും പകലുമെന്നില്ലാതെ ഉണ്ണാതെയും ഉറങ്ങാതെയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി മെഡിക്കല്‍ രംഗത്തുള്ളവര്‍ പരിശ്രമിക്കുന്നതിന്റെ നിരവധി ചിത്രങ്ങളും വൈറലാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരായ അച്ഛനമ്മമാരെക്കുറിച്ച് ഓര്‍ത്ത് അഭിമാനം തോന്നുകയാണെന്ന് പറയുകയാണ് ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയ നടിയും മോഡലുമായ മാനുഷി ഛില്ലര്‍.

കൊറോണക്കാലത്ത് ഏറിയപങ്ക് ആളുകളും വീടിനകത്തേക്ക് ഔദ്യോഗിക കൃത്യങ്ങള്‍ മാറ്റിയപ്പോള്‍ ഇതിനൊന്നും കഴിയാത്ത വിഭാഗമാണ് മാനുഷിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍. അച്ഛന്‍ മിത്ര ബസു ഛില്ലര്‍ മുംബൈയിലും അമ്മ നീലം ഛില്ലര്‍ ഡല്‍ഹിയിലുമാണ് ജോലി ചെയ്യുന്നത്. ഓരോ ദിവസവും തികഞ്ഞ അര്‍പ്പണബോധത്തോടെ ജീവിക്കുന്ന മെഡിക്കല്‍ രംഗത്തുള്ളവരെ താന്‍ സല്യൂട്ട് ചെയ്യുകയാണെു പറയുന്നു മാനുഷി. 

'' ഡോക്ടറായ മാതാപിതാക്കളുടെ മകളെന്ന നിലയ്ക്ക് എനിക്ക് തീര്‍ച്ചയായും ഒരു കാര്യം പറയാനാവും. ഞാന്‍ അവരെക്കുറിച്ചും ഈ രംഗത്തെ മറ്റുള്ളവരെക്കുറിച്ചും ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നു. സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് അവര്‍ രോഗികളെ ദിവസവും പരിചരിക്കുന്നത്. കൊറോണ വൈറസ് രോഗികളെ നേരിട്ട് പരിചരിക്കുന്ന ഓരോ ഡോക്ടര്‍മാരെയും നഴ്‌സ്മാരെയും സല്യൂട്ട് ചെയ്യുന്നു. നിങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ല. ഇപ്പോഴത്തെ പ്രതിസന്ധി മാറ്റാന്‍ കഴിയുന്ന ഒരേയൊരു വിഭാഗവും ഇവരാണ്.''- മാനുഷി പറയുന്നു. 

Content Highlights: i salute doctors and nurses proud of my parents says manushi chhillar