പെരുവെമ്പ്: മൂന്നുമക്കള്‍ക്ക് ഒപ്പം ജനതാകര്‍ഫ്യൂ നിര്‍ദ്ദേശം പാലിച്ച് വീട്ടിലിരിക്കാമെന്നായിരുന്നു ശനിയാഴ്ച പ്രകാശനും പൂര്‍ണ ഗര്‍ഭിണിയായ ദേവിയും തീരുമാനിച്ചത്. പക്ഷെ വയറ്റിലെ വാവ കര്‍ഫ്യൂ പാലിച്ചില്ല. 29നാണ് ഡോക്ടര്‍ പ്രസവത്തീയതി പറഞ്ഞിരുന്നതെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ 5.15ഓടെ ദേവിക്ക് പ്രസവവേദന തുടങ്ങി. നണ്ടന്‍കിഴായയിലെ ആംബുലന്‍സ് ഡ്രൈവര്‍ ഗോപിയെ വിളിച്ചു.

പത്താം ക്ലാസുകാരനായ മൂത്തമകന്‍ ആനന്ദകൃഷ്ണനെ വീടേല്‍പിച്ചു.എട്ടും രണ്ടരയും വയസുള്ള മഞ്ജുവിനേയും അഞ്ജലിയേയും കൂടെ കൂട്ടി.രാവിലെ ഏഴോടെ മുതലമട ചുള്ളിയാര്‍ഡാം മിനുക്കുമ്പാറ കോളനിയിലെ വീട്ടില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു. നേരെ ജില്ലാ ആസ്പത്രിയിലേക്ക്. അരമണിക്കൂര്‍ പെരുവെമ്പ് തണ്ണിശ്ശേരിയെത്തിയപ്പോള്‍ ദേവി പ്രസവിച്ചു പെണ്‍കുഞ്ഞ്. അച്ഛന്‍ പ്രകാശന്‍ തന്നെ തുണിയുപയോഗിച്ച് തുടച്ച് പൊക്കിള്‍കൊടിമാറ്റാതെ അമ്മയുടെ നെഞ്ചില്‍ കിടത്തി.

അമ്മയുടെ നിലവിളി കേട്ട് പേടിച്ച കുഞ്ഞു ചേച്ചിമാര്‍ക്ക് അനിയത്തിയെ കണ്ടപ്പോള്‍ പരിഭ്രമം കുറഞ്ഞു,ചെറിയ സന്തോഷവും..ഈ നിമിഷം ഓര്‍മയില്‍ സൂക്ഷിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ഗോപിയോട് പറഞ്ഞ് ഫോട്ടോയുമെടുത്തു.പിന്നെ നേരെ ജില്ലാ ആസ്പത്രിയിലേക്ക്.അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് പറഞ്ഞ പ്രകാശനോട് പേടിച്ചോ എന്ന ചോദ്യത്തിന് ഉത്തരമിങ്ങനെ

ആനന്ദകൃഷ്ണനെ മാത്രമാണ് ആശുപത്രിയില്‍ പ്രസവിച്ചത്. രണ്ടാമത്തെയാള്‍ പണിക്കുപോയ തോട്ടത്തിലെ തെങ്ങിന്‍ചുവട്ടില്‍വെച്ചും മൂന്നാമത്തെയാള്‍ വീട്ടിലെ അടുക്കളയുടെ തിട്ടയിലുമാണ് പ്രസവിച്ചത്.

Content Highlights: husband helps pregnant wife to give birth