കൊച്ചി: ഡാന്‍സ്, പിന്നെയും പിന്നെയും ഡാന്‍സ്... സുഹൈദ് കുക്കുവിന്റെ ജീവിതത്തിന് മുഴുവന്‍ നൃത്തത്തിന്റെ താളമാണ്. മത്സ്യത്തൊഴിലാളിയായ അച്ഛന്റെ കൈപിടിച്ച് കടലിന്റെ താളം കേട്ടുതുടങ്ങിയതാണ് കുക്കുവിന്റെ നൃത്തം.

കോവിഡ്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്താന്‍ ഡാന്‍സിനെ ഒരു ചലഞ്ചായി മുന്നിലെത്തിച്ച സുഹൈദ് ഒന്നര മണിക്കൂര്‍ കൊണ്ട് ലോകത്തിലെ വിവിധയിടങ്ങളിലെ വിദ്യാര്‍ഥികളുമായാണ് ചുവടുവെച്ചത്. ഭാര്യ ദീപയും സഹോദരനായ ഷാഹിദും കട്ടയ്ക്കു കൂടെ നിന്നപ്പോള്‍ സുഹൈദിന്റെ ഡാന്‍സ് ചലഞ്ചും സൂപ്പര്‍ ഹിറ്റായി.

കോവിഡ്കാലം എല്ലാം ലോക്ഡൗണാക്കിയപ്പോള്‍ ഡാന്‍സിലൂടെ തനിക്കു ചെയ്യാനാവുന്നതിന് ശ്രമിക്കുകയായിരുന്നു സുഹൈദ്.

''എന്റെ പല സുഹൃത്തുക്കളും ഡാന്‍സ് ഒന്നുമില്ലാതെ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ചുറ്റും ദുരിതങ്ങളുടേയും മരണങ്ങളുടേയും മാത്രം വാര്‍ത്തകള്‍. ഇത്തരമൊരു കെട്ടകാലത്ത് ഡാന്‍സിലൂടെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോയെന്നാണ് ഞാന്‍ ചിന്തിച്ചത്. കോവിഡ് പ്രോട്ടോകോള്‍ ഉള്ളതിനാല്‍ കാക്കനാട്ടെ 'കെ-സ്‌ക്വാഡ്' എന്ന ഡാന്‍സ് സ്റ്റുഡിയോയില്‍ ആളുകളെ വരുത്തി ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. അങ്ങനെ ഒരു ഏകദിന ഓണ്‍ലൈന്‍ ഡാന്‍സ് ശില്പശാലയെക്കുറിച്ച് ചിന്തിച്ചു. 127 കുട്ടികള്‍ പങ്കെടുത്തു. അവരില്‍നിന്ന് രജിസ്ട്രേഷന്‍ ഫീസായി കിട്ടിയ 38,000 രൂപയും സുഹൃത്തുക്കളും ഞാനും കൂടി ശേഖരിച്ച തുകയും ചേര്‍ത്ത് 45,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി. ഡാന്‍സിലൂടെ ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്'' -സുഹൈദ് പറഞ്ഞു.

തുടക്കം സ്‌കൂളില്‍

ഗുരുവായൂര്‍ സ്വദേശിയായ സജീവിന്റേയും ഷഹര്‍ബാനുവിന്റേയും മകനാണ് സുഹൈദ് കുക്കു. ഇരട്ട സഹോദരന്‍ ഷാഹിദും അനിയത്തി ജിബിലയും.

''എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയതാണ് വലിയ വഴിത്തിരിവ്. പ്ലസ് ടുവിന് പഠിക്കുമ്പോള്‍ പശ്ചാത്തല നൃത്തക്കാരനായി കുറേ അവസരം കിട്ടി. കോളേജില്‍ പഠിക്കുമ്പോഴും ഡാന്‍സ് തന്നെയായിരുന്നു എന്റെ മോഹം. ഡാന്‍സ് പഠിക്കാനായി കൊച്ചിയിലും ചെന്നൈയിലും ബെംഗളുരുവിലുമൊക്കെ പോയി. ഡാന്‍സിലൂടെ 'ഹണിബീ', 'ഒരു അഡാര്‍ ലൗ' തുടങ്ങി കുറച്ചു സിനിമകളിലും അവസരം കിട്ടി'' -സുഹൈദ് പറഞ്ഞു.

കല്യാണവും ലോക്ഡൗണും

''ഏഴു വര്‍ഷത്തെ സൗഹൃദ, സംഘര്‍ഷ, പ്രതിസന്ധി യാത്ര പുതിയ തീരത്തേക്കെത്തുന്നു...'' -കഴിഞ്ഞ വര്‍ഷമാദ്യം കല്യാണം കഴിക്കുമ്പോള്‍ സുഹൈദ് സാമൂഹിക മാധ്യമത്തില്‍ കുറിച്ച വരികള്‍. ഡാന്‍സറും വ്‌ളോഗറുമായ ദീപയെയാണ് വിവാഹം കഴിച്ചത്.

''കല്യാണം കഴിഞ്ഞയുടനേയാണ് കൊറോണയും കോവിഡുമൊക്കെ എത്തുന്നത്. കല്യാണശേഷമുള്ള യാത്രകളും ലോക്ഡൗണില്‍ തന്നെയാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ജോലിയുണ്ടായിരുന്ന ദീപ രാജിവെച്ച് യൂ ട്യൂബ് ചാനലും ഡാന്‍സ് സ്റ്റുഡിയോ നടത്തിപ്പുമൊക്കെയായി ബിസിയാണ്. ലേഡീസ് ഫിറ്റ്നസ് ഉള്‍പ്പെടെയുള്ള കുറേ പരിപാടികളും ദീപ നടത്തുന്നുണ്ട്.

ഫിറ്റ്നസും ഡാന്‍സും റേസ്റ്റാറന്റും ഒക്കെ ചേരുന്ന ഒരിടമാണ് എന്റെ സ്വപ്നം. അങ്ങനെയുള്ള ഇടത്തില്‍ കുട്ടികള്‍ക്ക് ഒത്തുചേരാനായാല്‍ അവര്‍ക്ക് ഡാന്‍സില്‍ വലിയ ഉയരങ്ങളിലെത്താനാകും'' -സുഹൈദ് കുക്കു പറഞ്ഞു.

Content Highlights: husband and wife conduct online dance programme for CM covid relief fund