പിറന്നാൾ ആഘോഷങ്ങൾക്കായി മെക്സിക്കോയിൽ എത്തുമ്പോൾ അഞ്ജലി റിയോട്ട് എന്ന ഇരുപത്തിയഞ്ചുകാരി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല അത് തന്റെ അവസാന യാത്രയായിരിക്കുമെന്ന്. പിറന്നാൾ‌ ആഘോഷത്തിന് മണിക്കൂറുകളിരിക്കേയാണ് ഹിമാചൽപ്രദേശിൽനിന്നുള്ള യാത്രാ ബ്ലോഗറായ അഞ്ജലി മെക്സിക്കോയിൽ ലഹരിസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.

അവസാന യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അഞ്ജലി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ടുലുമിലേക്കുള്ള യാത്രയ്ക്ക് മുമ്പ് മൊണ്ടാനയിലെ ​ഗ്ലേഷ്യർ നാഷണൽ പാർക്ക് സന്ദർശിച്ച ചിത്രങ്ങളും അഞ്ജലി പങ്കുവെച്ചിരുന്നു. നാൽപതിനായിരത്തിൽപരം ഫോളോവേഴ്സാണ് അഞ്ജലിക്ക് ഇൻസ്റ്റ​ഗ്രാമിൽ ഉണ്ടായിരുന്നത്. 

ബുധനാഴ്ച രാത്രി മെക്സിക്കോയിലെ ടുലുമിലെ ബീച്ച് റിസോർട്ടിൽ എത്തിയതായിരുന്നു അഞ്ജലിയും ഭർത്താവ് ഉത്കർഷ് ശ്രീവാസ്തവയും. നഗരത്തിലെ ലാ മാൽക്യുയെരിഡ റസ്റ്റോറന്റിൽ വിനോദസഞ്ചാരികൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ, നാലുപേർ അവിടെയെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ജർമനി, നെതർലൻഡ്സ് രാജ്യങ്ങളിൽനിന്നുള്ള മറ്റു മൂന്നു വിനോദസഞ്ചാരികൾക്ക് പരിക്കേറ്റു.

രണ്ടു ലഹരിസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് ഏറ്റുമുട്ടലിന് കാരണമായതെന്നും അഞ്ജലിയും മറ്റു വിനോദസഞ്ചാരികളും യാദൃച്ഛികമായി ഇതിനിടയിൽ പെടുകയായിരുന്നെന്നും അധികൃതർ വ്യക്തമാക്കി.

ലിങ്ക്ഡ് ഇന്നിൽ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനിയറായി ജോലി ചെയ്യുകയായിരുന്ന അഞ്ജലി, മുമ്പ് യാഹൂവിലും ജോലി ചെയ്തിട്ടുണ്ട്.

Content Highlights: Hours away from 30th birthday, Indian-origin techie dies in Mexico gang shootout