ലോസ് ആഞ്ജലിസ്: ഏഴു പതിറ്റാണ്ടിലേറെക്കാലം അമേരിക്കന്‍ ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച നടി ബെറ്റി വൈറ്റ് (99) അന്തരിച്ചു. ജനപ്രിയഹാസ്യപരമ്പരകളായ ദ ഗോള്‍ഡന്‍ ഗേള്‍സ്, ദ മേരി ടൈലര്‍ മൂര്‍ ഷോ തുടങ്ങിവയിലൂടെയാണ് ബെറ്റി ശ്രദ്ധേയയാകുന്നത്. 1949 മുതല്‍ ടെലിവിഷന്‍രംഗത്ത് സജീവമായിരുന്നു. 2019-ല്‍ ടോയ് സ്റ്റോറി 4 സിനിമയില്‍ ശബ്ദസാന്നിധ്യമായും ബെറ്റിയെത്തി. വിവിധ വിഭാഗങ്ങളിലായി ഏഴ് എമ്മി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

1950-ല്‍ ഹാസ്യപരമ്പരയായ ലൈഫ് വിത്ത് എലിസബത്ത് നിര്‍മിച്ച ബെറ്റി ആദ്യകാല വനിതാ നിര്‍മാതാക്കളില്‍ ഒരാളായി. ഈ പരമ്പരയില്‍ അവര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

ദ പ്രെപോസല്‍, ലവ് എന്‍ ഡാന്‍സിങ്, യൂ എഗെയ്ന്‍ അടക്കം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകള്‍ക്കും ടി.വി. പരിപാടികള്‍ക്കും ശബ്ദംനല്‍കി. ഇന്‍സ്റ്റഗ്രാമിലൂടെ യുവപ്രേക്ഷകര്‍ക്കും സുപരിചിതയായിരുന്നു ബെറ്റി. 18 ലക്ഷം പേരാണ് ഇന്‍സ്റ്റഗ്രാമില്‍ അവരെ പിന്തുടരുന്നത്.

Content highlights: hollywood actress betty white passed away, at the golden girl