ഒളിക്യാമറ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ദക്ഷിണ കൊറിയ. ഇറക്കം കുറഞ്ഞ വസ്ത്രമണിഞ്ഞ് പൊതുനിരത്തുകളില്‍ നടക്കുന്നത് മുതല്‍ പൊതുശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ വരെ ഭയപ്പെടേണ്ട അവസ്ഥയിലാണ് ദക്ഷിണ കൊറിയയിലെ സ്ത്രീകള്‍. അവരറിയാതെ അവരുടെ ശരീരഭാഗങ്ങളും സ്വകാര്യനിമിഷങ്ങളും ചിത്രീകരിക്കുകയാണ് ഒളിക്യാമറ വീരന്മാര്‍. പല സ്ത്രീകളും തങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ കാണുമ്പോഴാണ് സംഗതി അറിയുന്നത് തന്നെ. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് കുറ്റകൃത്യങ്ങളാണ് ദക്ഷിണ കൊറിയന്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. 

2010 മുതല്‍ 2014 വരെയുള്ള ദക്ഷിണ കൊറിയന്‍ പോലീസിന്റെ റെക്കോഡ് പരിശോധിച്ചാല്‍ സംഗതിയുടെ ഗൗരവം കുറേക്കൂടി വ്യക്തമാകും. ഒളിക്യാമറ വെച്ച് സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്തുകയോ, അത് ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയോ ചെയ്ത കുറ്റത്തിന് ദക്ഷിണ കൊറിയന്‍ പോലീസിന്റെ പിടിയിലായവര്‍ 2010-ല്‍ 1100 ആണെങ്കില്‍ 2014 എത്തിയപ്പോഴേക്കും അത് 6600 ആയി ഉയര്‍ന്നിരുന്നു. 

സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ട ദക്ഷിണ കൊറിയ പൊതു ഇടങ്ങളിലെ ഒളിക്യാമറകള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനായി പ്രത്യേകം സ്‌ക്വാഡിനെ തന്നെ നിയോഗിച്ചിരിക്കുകയാണ്. പൊതുശൗചാലയങ്ങള്‍ കയറിയിറങ്ങി മുക്കും മൂലയും പരിശോധിച്ച് ഒളിക്യാമറകള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇവര്‍. ഇതിനെല്ലാം പുറമേ ബോധവല്‍ക്കരണവുമായി വീഡിയോ ഇറക്കിയിരിക്കുകയാണ് പോലീസ്. ഒരാളെ ആത്മഹത്യയിലേക്കാണ് നിങ്ങള്‍ നയിക്കുന്നതെന്നോര്‍ക്കണമെന്ന് പോലീസ് പറയുന്നു. 

Video Courtesy - France 24 English