രുപത്തൊന്നുകാരിയായ ദിഷ രവി, ഗ്രോറ്റ ത്യുന്‍ബെയുടെ ടൂള്‍ കിറ്റ് കേസില്‍ ഇന്ത്യയിലെ ആദ്യ അറസ്റ്റായി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് ഈ പെണ്‍കുട്ടിയെയാണ്. 

ബെംഗളൂരുവിലെ മൗണ്ട് കാര്‍മ്മല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ദിഷ രവി. ഒരു വിദ്യാര്‍ഥി, പരിസ്ഥിതി പ്രവര്‍ത്തക തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ട ദിഷ ഒറ്റ ദിവസം കൊണ്ടാണ് ഇക്കഴിഞ്ഞ ഞായറാഴ്ച ദല്‍ഹി പൊലീസിന്റെ ലിസ്റ്റിലെ കുറ്റാരോപിതയായത്. ഒരു ട്വീറ്റിന്റെ പേരിലാണ് ദല്‍ഹി പൊലീസ് ദിഷയെ ബെംഗളുരൂവിലെത്തി അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങളാണ് ദിഷയ്ക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണ് നിലവില്‍ റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ദിഷയെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ആരാണ് ദിഷ?
 
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥിനിയാണ് ദിഷ. പരിസ്ഥിതി പ്രവര്‍ത്തകകൂടിയായ ഈ പെണ്‍കുട്ടി കാലാവസ്ഥാ മാറ്റങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. 2018 ല്‍ ഗ്രേറ്റ തുടങ്ങിയ പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ ചുവടു പിടിച്ചാണ് ഈ സംഘടന ആരംഭിച്ചത്. 

കാലവസ്ഥാ മാറ്റങ്ങള്‍ കാരണം കര്‍ഷകനായ മുത്തശ്ശന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടായിരുന്നു ദിഷയുടെ ബാല്യം. കാലവസ്ഥാമാറ്റങ്ങള്‍ കൃഷിയെയും കര്‍ഷകരുടെ ജീവിതത്തെയും എത്രമാത്രം ബാധിക്കുന്നു എന്ന അറിവാണ് അവളെ പരിസ്ഥിതി പ്രവര്‍ത്തകയാക്കിയത്. കാര്‍ഷിക ഭക്ഷ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഒരു കമ്പനിയില്‍ താല്‍ക്കാലികമായി ദിഷ ജോലി നോക്കിയിരുന്നു. 

ദിഷയുടെ കുറ്റങ്ങള്‍ ഇവയാണ്

  • ആക്ടിവിസ്റ്റ് ഗ്രെറ്റ ത്യുൻബെ ഷെയര്‍ ചെയ്ത ടൂള്‍ കിറ്റ് നിര്‍മ്മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പങ്കാളിയായി.
  • ടൂള്‍കിറ്റ് എന്ന ഡോക്യുമെന്റ് നിര്‍മ്മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ദിഷ
  • വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ടൂള്‍കിറ്റ് നിര്‍മ്മിക്കുന്നതിലെ ഗൂഢാലോചനയില്‍ പങ്കെടുത്തു
  • ഖലിസ്ഥാനി വാദിയാണ് ദിഷ എന്ന വാദവും ഡല്‍ഹി പോലീസ് ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

എന്താണ് ടൂള്‍കിറ്റ് 

ടൂള്‍കിറ്റ് എന്നാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഡിജിറ്റല്‍ ഡോക്യുമെന്റാണ്. എന്തെങ്കിലും ഒരു പ്രശ്‌നത്തെക്കുറിച്ച് വിശദീകരിക്കാനും ആ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാമെന്നും ഈ ഡോക്യുമെന്റില്‍ പറയാം. 

ഗ്രെറ്റയുടെ ടൂള്‍കിറ്റില്‍ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരത്തെക്കുറിച്ചാണ് പറയുന്നത്. ഇന്ത്യയിലെ തലസ്ഥാന നഗരിയില്‍ രണ്ട് മാസമായി സമരം ചെയ്യുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ പിന്തുണയ്ക്കാമെന്നാണ് ഇതില്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ ഷെയര്‍ ചെയ്ത് അല്‍പം കഴിഞ്ഞു തന്നെ ഗ്രേറ്റ ഇത് പിന്‍വലിച്ചിരുന്നു. 

ഈ ഡോക്യുമെന്റ് നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായി എന്നാരോപിച്ചാണ് ദിഷയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജനുവരി 26-ലെ സംഘര്‍ഷങ്ങള്‍ക്കുള്‍പ്പെടെ ഇത് കാരണമായെന്നും ദല്‍ഹി പൊലിസ് വാദിക്കുന്നുണ്ട്.

കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിന് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിട്ട പോപ് ഗായിക റിഹാനയുടെ ട്വീറ്റിന് പിന്നാലെയായിരുന്നു ഗ്രെറ്റയുടെ ട്വീറ്റും. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനത്തിനും ഇത് ഇടയാക്കിയിരുന്നു. 

എന്നാല്‍ ദിഷയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റകരമാണോ എന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും അരവിന്ദ് കേജ്രിവാളുമടക്കമുള്ള പ്രമുഖ നേതാക്കളുടെ ചോദ്യം.

Content Highlights: Here’s how the 21-yr-old activist Disha Ravi is linked to Greta Thunberg