എടപ്പാൾ: ‘നന്ദ നന്ദനൻ ഗോവിന്ദൻ, സുന്ദര ഇന്ദിരാകാന്തൻ, എന്നുടെ മാനസം തന്നിൽ വന്നുദിക്കേണം കൃഷ്ണാ...’, ഏഴുപതിന്റെ ക്ഷീണം തീണ്ടാത്ത ശബ്ദത്തിൽ പാടി ഈ ആതിരക്കാലത്തും തിരുവാതിരക്കളി മുടക്കുന്നില്ല പാറുക്കുട്ടി.

പത്തുവയസ്സിൽ അമ്മയിൽനിന്ന് കണ്ടുപഠിച്ച തിരുവാതിരക്കളി നൂറുകണക്കിന് പേരിലേക്ക് പകർന്നുനൽകാൻ തുടങ്ങിയിട്ട് ആറുപതിറ്റാണ്ടായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറായ വട്ടംകുളം അഞ്ജന നിവാസിൽ പാറുക്കുട്ടി നഴ്‌സമ്മയെന്നാണ് അറിയപ്പെടുന്നത്.

പ്രായത്തിന്റെ തളർച്ചയില്ലാതെ തിരുവാതിരക്കളിയെ നെഞ്ചേറ്റി ഇപ്പോഴും നാടുചുറ്റുന്നു. അമ്മ ലക്ഷ്മിക്കുട്ടിയമ്മയും അമ്മമ്മ അമ്മുക്കുട്ടിയമ്മയുമടക്കം ഇവരുടെ കുടുംബത്തിലെല്ലാവരും തിരുവാതിരക്കളിക്കാരായിരുന്നു.

പിച്ചവെച്ച നാൾ മുതൽ നൃത്തച്ചുവടുകളും കളിപ്പാട്ടുകളുമായിരുന്നു പാറുക്കുട്ടിയുടെ കൂടപ്പിറപ്പ്. പഠനം കഴിഞ്ഞ് തൃശ്ശൂർ മെഡിക്കൽ മെഡിക്കൽ കോളേജിൽ അറ്റന്ററായി ജോലിയിൽ പ്രവേശിച്ച പാറുക്കുട്ടി തവനൂർ, എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലിചെയ്താണ് വിരമിച്ചത്. ജോലിയിലിരിക്കുമ്പോഴും ഇവർ തിരുവാതിരക്കളിയെ കൈവിട്ടില്ല. നഴ്‌സുമാരും ഡോക്ടർമാരുമെല്ലാം ഇതിനിടയിൽ ഇവരുടെ മുദ്രകളും ചുവടുകളും സ്വായത്തമാക്കി വേദികളിൽ കൈയടി നേടി.

വഞ്ചിപ്പാട്ട്, കഥകളിപ്പദം എന്നിവയടക്കം നൂറിൽപ്പരം പാട്ടുകൾ പാറുക്കുട്ടിക്ക് മനഃപാഠമാണ്. ഗുരുവായൂർ, മമ്മിയൂർ, ശുകപുരം കുളങ്കര, പെരുമ്പറമ്പ്, ചമ്പ്രമാണം, പൂക്കരത്തറ തുടങ്ങി പ്രധാന ക്ഷേത്രങ്ങളിലെല്ലാം പാറുക്കുട്ടിയും ശിഷ്യരും തിരുവാതിരക്കളി അവതരിപ്പിച്ചിട്ടുണ്ട്.

ഇതിനിടയിൽ ഷാനവാസ് നരണിപ്പുഴയുടെ ‘കരി’ എന്ന സിനിമയിലും സാന്ത്വനസ്പർശം, കണ്യാങ്ങ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു. പാറുക്കുട്ടിയെ ചൊവ്വാഴ്ച തിരൂരിൽ നടക്കുന്ന അഖില കേരള ഡാൻസ് യൂണിയന്റെ ജില്ലാ സമ്മേളനത്തിൽ ആദരിക്കും.

Content highlights: health inspector from malappuram specialised in thiruvathirakkali