ട്ടോയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനെ അത്ഭുതകരമായി അതിജീവിച്ചതിനെക്കുറിച്ച് ഒരു പെൺകുട്ടി പങ്കുവെച്ചതാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്. ഹരിയാണയിലെ ​​ഗുഡ്​ഗാവിൽ നിന്നുള്ള നിഷിത എന്ന പെൺകുട്ടിയാണ് ഞെട്ടിപ്പിക്കുന്ന അനുഭവകഥ പങ്കുവെച്ചത്. ഡൽഹിയിലെ തിരക്കേറിയ ന​ഗരത്തിൽ തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെക്കുറിച്ചാണ് നിഷിത ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

​ഓട്ടോഡ്രൈവർ വഴിതിരിച്ചു വിട്ടതിനെക്കുറിച്ചും വണ്ടി നിർത്താൻ പറഞ്ഞിട്ടും അതു ശ്രദ്ധിക്കാതെ വേ​ഗത്തിൽ വണ്ടി വിട്ടതിനെക്കുറിച്ചും പങ്കുവെക്കുകയാണ് കമ്മ്യൂണിക്കേഷൻസ് സ്പെഷലിസ്റ്റായ നിഷിത. 

എന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ദിവസമായിരുന്നു ഇന്നലെ എന്ന ആമുഖത്തോടെയാണ് നിഷിതയുടെ ട്വീറ്റ് ആരംഭിക്കുന്നത്. താൻ തട്ടിക്കൊണ്ടുപോകപ്പെട്ടു എന്നുതന്നെയാണ് കരുതിയത് എന്നും ഇപ്പോഴും അതോർക്കുമ്പോൾ ഇപ്പോഴും വിറങ്ങലിക്കുകയാണെന്നും നിഷിത പറയുന്നു. 

ഉച്ചയ്ക്ക് 12.30ഓടെയാണ് ​​​​ഗുഡ്​ഗാവിലെ തിരക്കേറിയ മാർക്കറ്റായ സെക്ടർ 22 വിൽ നിന്ന് ഏഴുമിനിറ്റ് അകലെയുള്ള വീട്ടിലേക്ക് ഓട്ടോയെടുക്കുന്നത്. കൈയിൽ പണമില്ലെന്നും പേ ടി എമ്മിലൂടെ പണമടയ്ക്കാമെന്നും ഡ്രൈവറെ അറിയിച്ചു. അദ്ദേഹം സമ്മതിച്ചതോടെ ഓട്ടോയിൽ‌ കയറി. അയാൾ ഭക്തി​ഗാനം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. പോകുന്നവഴിയിൽ‌ ഞാൻ താമസിക്കുന്ന സ്ഥലത്തേക്ക് തിരിയാൻ വലതുവശത്തേക്ക് എടുക്കണമായിരുന്നു. പക്ഷേ അയാൾ ഇടതുവശത്തേക്ക് പോയി. ഇടതുവശത്തേക്കാണോ പോകുന്നത് എന്നു ചോദിച്ചപ്പോൾ അയാൾ ശ്രദ്ധിച്ചില്ല. എന്റെ സെക്ടർ വലതുവശത്തേക്കാണ് ഇടതുവശത്തേക്ക് എന്തിനാണ് എടുത്തതെന്ന് ഉച്ചത്തിൽ ചോദിച്ചു. അതിനോടു പ്രതികരിക്കാതെ ഉച്ചത്തിൽ ഒരു ദൈവത്തിന്റെ പേരു വിളിച്ചുകൊണ്ടിരുന്നു. ഇടതുവശത്തെ ചുമലിൽ എട്ടു പത്തുതവണ തട്ടിയിട്ടും അയാൾ ഒന്നും ചെയ്തില്ല. ചാടുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് മാത്രമേ അപ്പോൾ മനസ്സിൽ തോന്നിയുള്ളു- നിഷിത കുറിക്കുന്നു. 

അപ്പോൾ 35നും 40നും ഇടയിലായിരുന്നു സ്പീഡ് എന്നും വേ​ഗം കൂട്ടുന്നതിന് മുമ്പ് ചാടുകയായിരുന്നു ഒരേയൊരു വഴി. ഇല്ലാതാകുന്നതിനേക്കാൾ ഭേദം എല്ലുകൾ ഒടിഞ്ഞുപോകുന്നതാണെന്ന് തോന്നി.അങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്ന് ചാടി. എങ്ങനെയാണ് ആ ധൈര്യം ലഭിച്ചതെന്ന് അറിയില്ല. വലതുകണങ്കാലിന് ചെറിയ വേദന വന്നതൊഴിച്ചാൽ മറ്റു പരിക്കുകളൊന്നും ഉണ്ടായില്ലെന്നോർത്ത് അത്ഭുതം തോന്നുന്നു. ദൈവത്തിന്റെ അനു​ഗ്രഹം കൊണ്ട് സുഖമായിരിക്കുന്നു. പുറകിലേക്ക് വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി, അയാൾ തിരികെ വരുമോ എന്നോർത്തുള്ള മരണഭയത്തോടെ എന്റെ സെക്ടറിലേക്ക് നടന്നു. ഉടൻ തന്നെ വീട്ടിലേക്ക് ഒരു ഇ-റിക്ഷ ലഭിക്കുകയും ചെയ്തു.- നിഷിത പറയുന്നു.

എന്നാൽ ചാടിയിറങ്ങുന്നതിനിടയ്ക്ക് വണ്ടിയുടെ നമ്പർ ശ്രദ്ധിക്കാതിരുന്നതിൽ ഇപ്പോൾ ഖേദമുണ്ടെന്നും നിഷിത പറയുന്നു. മറ്റാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാതിരിക്കാനും ജാ​ഗരൂകരാകാനുമാണ് തന്റെ അനുഭവം പങ്കുവെക്കുന്നത്. ഒന്നുമില്ലെങ്കിലും ജീവൻ പണയം വച്ച് ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്ന് ചാടാതിരിക്കാമല്ലോ.- നിഷിത കുറിച്ചു.

തുടർന്ന് പലം വിഹാർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചുവെന്നും എസ്എച്ച്ഒ ജിതേന്ദർ യാദവ് ഡ്രൈവറെ കണ്ടെത്താമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും നിഷിത പറയുന്നു.

Content Highlights: gurgaon woman jumps out of auto fearing kidnap, kidnapping woman