ചേവായൂര്‍ വൃന്ദാവന്‍ കോളനിക്കടുത്തുള്ള 'ഉണര്‍വി'ലെത്തുമ്പോള്‍ ഉണക്കിയെടുത്ത കൊപ്ര തരംതിരിച്ചിടുന്ന തിരക്കിലായിരുന്നു പെണ്‍കൂട്ടം. പൊടിച്ചെടുത്ത അരിയും ഗോതമ്പുമെല്ലാം പാക്കറ്റിലാക്കി അടുക്കിവെക്കുന്നുണ്ട് ചിലര്‍. സ്ത്രീകളുടെ കൂട്ടായ്മയില്‍ തുടങ്ങിയ 'ഓണ്‍ലൈന്‍പീടിയ'യിലെ കാഴ്ചയാണിത്. കൊപ്രയാട്ടി വെളിച്ചെണ്ണയാക്കി വിറ്റായിരുന്നു തുടക്കം. മസാലപ്പൊടികളും പലഹാരങ്ങളും പച്ചക്കറികളും ഇപ്പോഴിവര്‍ വില്‍ക്കുന്നു.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷന്‍ ഉണ്ട് ഓണ്‍ലൈന്‍പീടിയയ്ക്ക്.
''പുറത്തുപോയി ആളുകള്‍ക്ക് സാധനം വാങ്ങാന്‍ ബുദ്ധിമുട്ടായപ്പോഴാണ് ഞങ്ങളുടെ കച്ചവടം വിപുലീകരിച്ചത്. വാട്സാപ്പ് വഴി ഓര്‍ഡര്‍ നല്‍കാം. സാധനങ്ങള്‍ എത്തിച്ചുകൊടുക്കും. പിന്നെ തിങ്കളാഴ്ചകളില്‍ പച്ചക്കറിയുള്‍പ്പെടെ സാധനങ്ങളുമായി ചന്ത തുടങ്ങി'' -കൂട്ടായ്മയുടെ പ്രസിഡന്റ് റീനാ രാധാകൃഷ്ണന്‍ പറഞ്ഞു. റീന ബാങ്കില്‍നിന്ന് വിരമിച്ചയാളാണ്. മറ്റുള്ളവര്‍ വീട്ടമ്മമാര്‍. ആകെ 12 പേരുണ്ട്.
വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ എല്ലാവര്‍ക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഓണ്‍ലൈന്‍ പീടിയ തുടങ്ങിയത്. മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി, പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, 17 തരം അച്ചാര്‍ എന്നിവയെല്ലാം ഇവര്‍ തയ്യാറാക്കിനല്‍കുന്നുണ്ട്. പച്ചക്കറി വേങ്ങേരി ഹോര്‍ട്ടികോര്‍പ് മാര്‍ക്കറ്റില്‍നിന്ന് എത്തിച്ചാണ് വില്‍പ്പന. അരിയും പലവ്യഞ്ജനങ്ങളുമെല്ലാമുള്ള 13 ഇനങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റ് 1000 രൂപ നിരക്കില്‍ നല്‍കുന്നുമുണ്ട്.
സ്ഥിരമായി സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുണ്ട്. വീടുകളില്‍ എത്തിച്ചുകൊടുക്കുന്നതിന് അധികമായി തുക വാങ്ങുന്നില്ല. ഗോള്‍ഫ് ലിങ്ക് റോഡില്‍ വൃന്ദാവന്‍ കോളനി സ്റ്റോപ്പിനടുത്ത് വീട് വാടകയ്‌ക്കെടുത്താണ് കച്ചവടം. രണ്ട് ഷിഫ്റ്റുകളിലായി സ്ത്രീകള്‍ ഇവിടെയെത്തും. ആവശ്യത്തിനനുസരിച്ച് സാധനങ്ങള്‍ എത്തിക്കുന്നതും പാക്ക് ചെയ്യുന്നതുമെല്ലാമായി തിരക്കിലായിരിക്കും ഇവര്‍. റീനാ ഗിരീഷ്, കെ.എം. കോമളം, നിഷാ ദിനേശ്, അബിത, നിസി ബൈജു, ദീപ, സീന, റീജ, സൂര്യ എന്നിവരാണ് കൂട്ടായ്മയിലെ അംഗങ്ങള്‍. ബിമല്‍റോയ്, സി.കെ. ജയചന്ദ്രന്‍ എന്നിവരുമുണ്ട് എല്ലാസഹായവുമായി.
ഓണ്‍ലൈന്‍പീടിയയില്‍ തിരക്കേറിയതോടെ കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണിവര്‍. വെബ്സൈറ്റ്, ആപ് എന്നിവ വികസിപ്പിച്ച് കൂടുതല്‍പ്പേരിലേക്കെത്തുമെന്ന് കൂട്ടായ്മയിലെ അംഗങ്ങള്‍ പറഞ്ഞു.
Content Highlights: Group of women started online store Online Peediya during corona pandemic