പുതുവര്‍ഷത്തില്‍ തന്റെ ആരാധകര്‍ക്കുവേണ്ടി പുതിയ തീരുമാനവുമായി കാലാവസ്ഥാ പ്രവര്‍ത്തകയും പുതുതലമുറയുടെ മാതൃകയുമായ ഗ്രെറ്റ തുംബര്‍ഗ്. ഗ്രെറ്റ ട്വിറ്ററില്‍ പങ്കുവച്ച പുതുവര്‍ഷാശംസയ്‌ക്കൊപ്പമാണ് ലോകമെങ്ങുമുള്ളവര്‍ക്കായി ഒരു പ്രതിജ്ഞയും ഗ്രെറ്റ നല്‍കുന്നത്. 'നമ്മുടെ പ്രപഞ്ചത്തിനുവേണ്ടി അവസാനമില്ലാത്ത പോരാട്ടം നടത്തുക'  എന്നാണ് ഗ്രെറ്റയുടെ ആഹ്വാനം. തന്റെ പുതിയ സെല്‍ഫി ചിത്രത്തിനൊപ്പമാണ് ഗ്രെറ്റ പുതുവര്‍ഷ ആശംസ നേര്‍ന്നിരിക്കുന്നത്. 

'സന്തോഷകരമായ പുതുവര്‍ഷം ആശംസിക്കുന്നു. 2021 ഉണര്‍വിന്റെ വര്‍ഷമാകട്ടെ. ധീരമായ മാറ്റങ്ങളുടെയും. നമുക്കൊരുമിച്ച്  പ്രപഞ്ചത്തിനുവേണ്ടി അവസാനിക്കാത്ത പോരാട്ടത്തിന് തുടക്കം കുറിക്കാം' - ഗ്രെറ്റ ട്വിറ്ററില്‍ കുറിച്ചു. 

ഗ്രെറ്റയുടെ ആശംസ പെട്ടെന്നുതന്നെ ലോകം ഏറ്റെടുക്കുകയായിരുന്നു. ആശംസ പുറത്തുവന്നു നിമിഷങ്ങള്‍ക്കകം രണ്ട് ലക്ഷത്തോളം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തത്. പതിനയ്യായിരത്തോളം പേര്‍ സന്ദേശം ഷെയര്‍ ചെയ്തിട്ടുമുണ്ട്. പലരും തങ്ങളുടെ  ആശംസയായി ഗ്രെറ്റയുടെ പുതുവര്‍ഷ പ്രതിജ്ഞ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.  ഗ്രെറ്റയ്ക്കുള്ള ആശംസകളും നിരവധിപ്പേര്‍ പോസ്റ്റിന് കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഒരു വര്‍ഷം മുന്‍പാണ് കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീഡനില്‍നിന്നുള്ള ഗ്രെറ്റ ലോകശ്രദ്ധ നേടിയത്.  ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗ്രെറ്റ സമരവും നടത്തിയിരുന്നു.

Content Highlights: Greta Thunberg sends New Year greetings to fans with powerful message