പാരിസ്ഥിതിക വിഷയങ്ങളിലെ ഗൗരവകരമായ നിലപാടുകളിലൂടെ ആഗോള തലത്തില്‍ ശ്രദ്ധ നേടിയ പതിനേഴുകാരിയാണ് ഗ്രെറ്റ ത്യുൻബേ. പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ മാത്രമല്ല രാഷ്ട്രീയ ചര്‍ച്ചകളിലും അത്ര പിന്നിലല്ല. ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപിന് ഒരു കൊട്ടുമായി ഗ്രെറ്റ പങ്കുവച്ച ട്വീറ്റാണ് വൈറലാവുന്നത്. പഴയൊരു മധുര പ്രതികാരത്തിന്റെ കണക്കുകൂടി വീട്ടുകയായിരുന്നു ഗ്രെറ്റ.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ആറുവോട്ട് അകലത്തില്‍ മുന്നിലാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ജയത്തിനായി 270 ഇലക്ടറല്‍ വോട്ടുകള്‍ വേണമെന്നിരിക്കെ ബൈഡന് 264 വോട്ടുകളും ട്രംപിന് 214-മാണ് ഇതുവരെ നേടാനായത്. ലക്ഷക്കണക്കിന് തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അന്തിമ ഫലപ്രഖ്യാപനവുമായിട്ടില്ല. ഇതിനിടെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തന്റെ ട്വിറ്റര്‍ പേജിലൂടെ രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് ഗ്രെറ്റ. 

വ്യാഴാഴ്ച്ചയാണ് ട്രംപ് വോട്ടെണ്ണല്‍ നിര്‍ത്തിവെക്കൂ എന്ന് ട്വീറ്റ് ചെയ്തത്. '' പരിഹാസ്യം. ഡൊണാള്‍ഡ് നിര്‍ബന്ധമായും തന്റെ കോപം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് ഒരു സുഹൃത്തിനൊപ്പം പഴയകാല സിനിമ കാണാന്‍ പോവൂ.. ചില്‍ ഡൊണാള്‍ഡ് ചില്‍..''- എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. 

എന്നാല്‍ എവിടെയോ കേട്ടുമറന്ന ഈ ട്വീറ്റ് ഒരുകാലത്ത് ഗ്രെറ്റ കളിയാക്കാന്‍ ട്രംപ് കുറിച്ചതിനു സമാനമായിരുന്നു. ഒരുവര്‍ഷം മുമ്പ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുത്തിരുന്നത് ഗ്രെറ്റയെയായിരുന്നു. ഇതു സംബന്ധിച്ച ട്വീറ്റ് പങ്കുവെക്കവേയാണ് പരുക്കന്‍ വാക്കുകളോടെ ട്രംപ് ഗ്രെറ്റയെ പരിഹസിച്ചത്. 

''പരിഹാസ്യം. ഗ്രെറ്റ തന്റെ കോപം നിയന്ത്രിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്നിട്ട് ഒരു സുഹൃത്തിനൊപ്പം പഴയകാല സിനിമ കാണാന്‍ പോവൂ. ചില്‍ ഗ്രെറ്റ ചില്‍..''- എന്നായിരുന്നു ട്രംപ് കുറിച്ചത്. 

അവസരം കിട്ടിയപ്പോള്‍ പഴയ കണക്ക് തീര്‍ത്ത ഗ്രെറ്റയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Greta Thunberg mocks Donald Trump with his own words in cutting tweet Viral Tweetഗേ