കൊടുങ്ങല്ലൂർ: ‘ടിക്, ടിക്... ശബ്ദം ഗോപികയുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ഈ ശബ്ദം മാത്രമല്ല ഘടികാരങ്ങളുടെ റിപ്പയറിങ്ങും ബി.ടെക്കിന് ചേരുംമുമ്പുതന്നെ ഗോപികയ്ക്ക് വഴങ്ങും. ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിങ്ങിലെ മൂന്നാം റാങ്കിന്റെ തിളക്കത്തിലാണ് ഗോപിക.

കൊടുങ്ങല്ലൂർ കാത്തോളിപറമ്പിൽ പുത്തൻകോവിലകത്ത് പടിഞ്ഞാറേമഠം പരേതനായ മോഹനചന്ദ്രന്റെയും രമാദേവിയുടെയും മകളാണ് എം. ഗോപിക. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ്ങിലാണ് പഠിച്ചത്.

കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ ഗോപിക ഒഴിവുസമയങ്ങളിൽ അച്ഛൻ ശൃംഗപുരത്ത് നടത്തുന്ന സ്വാമീസ് വാച്ച് റിപ്പയറിങ് കടയിലെത്തും. അങ്ങനെയാണ് പണി പഠിച്ചത്. എൻജിനീയറിങ്ങിന് പഠിക്കുമ്പോഴും കോളേജ് സമയത്തിനുശേഷം മണിക്കൂറുകളോളം ജോലിയിൽ അച്ഛനെ സഹായിക്കും. കഴിഞ്ഞ നവംബറിൽ അച്ഛന്റെ മരണത്തോടെ കടയിൽ പോക്ക് നിർത്തി. വീടിന്റെ ചുമരുകളിലെ ഘടികാരങ്ങളുടെ സംരക്ഷണത്തിലായി പിന്നീടുള്ള ശ്രദ്ധ.

അമ്പതിലധികം ഘടികാരങ്ങളാണ് ഗോപികയുടെ വീട്ടിലുള്ളത്. എല്ലാം നൂറും നൂറ്റിയമ്പതും വർഷം പഴക്കമുള്ളവ.

ഇവയിൽ മിക്കതും ലക്ഷങ്ങൾ വിലമതിപ്പുള്ളതും അപൂർവങ്ങളുമാണ്. ഇവയെല്ലാം ആഴ്‌ചയിലൊരിക്കൽ താഴെയിറക്കി തുടച്ചുവൃത്തിയാക്കി കീ കൊടുക്കും. കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച ഗോപിക അടുത്തുതന്നെ ഇൻഫോസിസിൽ ജോലിയിൽ പ്രവേശിക്കും. സഹോദരൻ ഗോകുലൻ എം.ആർ.എഫ്. ട്രിച്ചിയിലെ സൂപ്പർവൈസറാണ്.

Content highlights: gopika got third rank in engineering clock girl