വിവിധ മേഖലകളിൽ അസാമാന്യ പ്രകടനം കാഴ്ച്ചവച്ച പ്ര​ഗത്ഭരെ  മനോഹരമായ ഡൂഡിലൊരുക്കി ​ഗൂ​ഗിൾ ആദരിക്കാറുണ്ട്. ഇന്നും കലാരം​ഗത്തെ ഒരു വിശിഷ്ട വ്യക്തിക്ക് ആദരമർപ്പിച്ചൊരുക്കിയ ഡൂഡിലാണ് ശ്രദ്ധേയമാകുന്നത്. അഭിനേത്രിയും നർത്തകിയും കൊറിയോ​ഗ്രാഫറുമായ സൊഹ്റാ സേ​ഗളിനെ ആദരിച്ചാണ് ​ഗൂ​ഗിൾ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യയിലെ മികച്ച കലാകാരികളെയെടുത്താൽ മുന്നിലുണ്ടാവും സേ​ഗളിന്റെ സ്ഥാനം. ചിത്രകാരിയായ പാർവതി പിള്ളയാണ് സേ​ഗളിന്റെ മനോഹരമായ ഡൂഡിലൊരുക്കിയിരിക്കുന്നത്. പിങ്ക് സാരി ധരിച്ച് നൃത്തമുദ്രയുമായി നിൽക്കുന്ന സേ​ഗളിന്റെ ചിത്രമാണ് ഡൂഡിലിലുള്ളത്. 

അന്താരാഷ്ട്ര ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യൻ കലാകാരിയാണ് സേ​ഗൾ. 1946 സെപ്റ്റംബർ 29നാണ് സേ​ഗളിന്റെ ഏറ്റവും പേരുകേട്ട ചിത്രമായ നീചാ ന​ഗർ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. കാനിലെ പരമോന്നത ബഹുമതിയായ പാം ഡി ഓർ പുരസ്കാരവും ചിത്രം നേടിയിരുന്നു. 

zohra

1998ൽ  പത്മശ്രീയും 2010ൽ പത്മവിഭൂഷണും 2001ൽ കാളിദാസ് സമ്മാൻ പുരസ്കാരവും സേ​ഗൾ നേടിയിരുന്നു. 1912 ഏപ്രിൽ 27ന് ഷഹരൻപൂരിലാണ് സേ​ഗളിന്റെ ജനനം. 

ഇരുപതുകളിൽ ജർമനിയിലെ ഡ്രെസ്ഡെനിൽ നിന്ന് ബാലെ പഠിച്ച സേ​ഗൾ പ്രശസ്ത ഇന്ത്യൻ നർത്തകനായ ഉദയ് ശങ്കറിനൊപ്പം ലോകമെമ്പാടും പര്യടനം നടത്തിയിരുന്നു. ശേഷം 1945ൽ ഇന്ത്യൻ പീപിൾസ് തീയേറ്റർ അസോസിയേഷനിൽ ചേരുകയും അഭിനയത്തിലേക്ക് തിരിയുകയുമായിരുന്നു. 

1962ൽലണ്ടനിലേക്ക് താമസമായതിനു ശേഷം ബ്രിട്ടീഷ് ടെലിവിഷൻ ക്ലാസിക്കുകളായി അറിയപ്പെടുന്ന ഡോക്ടർ ഹൂ, ദി ജ്വൽ ഇൻ ദി ക്രൗൺ തുടങ്ങിയവയിലും സേ​ഗൾ വേഷമിട്ടിരുന്നു. 2014 ജൂലൈ പത്തിന് ന്യൂഡൽഹിയിൽ വച്ചായിരുന്നു അന്ത്യം.  

Content Highlights: Google Doodle celebrates Zohra Segal with special illustration