സ്‌പോര്‍ട്‌സിനോടുള്ള അഫ്ഗാന്‍ സ്വദേശികളുടെ സ്‌നേഹം ലോകം നേരിട്ട് കണ്ട് അറിഞ്ഞിട്ടുള്ളതാണ്. ഫുട്‌ബോളിലും ക്രിക്കറ്റിലും ഏറെ മികവ് പുലര്‍ത്തുന്നതാണ് അവരുടെ ദേശീയ ടീമുകള്‍. ദേശീയ വനിതാ ടീമുകളും അന്തര്‍ദേശീയ മത്സരങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതോടെ അവിടുത്തെ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചാണ് ലോകമെമ്പാടുനിന്നും ആശങ്കകള്‍ ഉയര്‍ന്നത്. മുമ്പ് താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ പഠിക്കാനും ജോലി ചെയ്യാനും തനിച്ച് പുറത്തിറങ്ങാനും സ്ത്രീകളെ അവര്‍ അനുവദിച്ചിരുന്നില്ല.

ഓഗസ്റ്റില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തപ്പോള്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് വിവരിക്കുകയാണ് അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ ടീമംഗങ്ങളായ സബരിയയും കൂട്ടാളികളും. മാസങ്ങളോളും തങ്ങള്‍ കടന്നുപോയ കഷ്ടപ്പാടുകള്‍ ബ്രിട്ടീഷ് മാധ്യമായ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വിവരിച്ചു. 

ഏതാനും ബന്ധുക്കള്‍ക്കൊപ്പം നിലവില്‍ യു.കെ.യിലെ ഒരു ഹോട്ടലില്‍ തങ്ങുകയാണ് അവര്‍. താലിബാന്‍ ഹെറാത്തിലെത്തിയപ്പോള്‍ ഞാന്‍ ജോലി സ്ഥലത്തായിരുന്നു. അവിടെനിന്ന് കൂട്ടിക്കൊണ്ട് പോകാന്‍ ഭര്‍ത്താവ് എത്തുകയായിരുന്നു. ഞങ്ങള്‍ ആകെ ഭയപ്പെട്ടുപോയി. കാരണം, തെരുവില്‍ താലിബാന്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവര്‍ വെടിവെപ്പ് നടത്തുകയായിരുന്നു. എല്ലാവരും ഭയപ്പെട്ടു-സബരിയ പറഞ്ഞു. 

താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു ശേഷം അവര്‍ക്ക് ജോലിക്കു പോകാന്‍ സാധിച്ചിരുന്നില്ല. ഫുട്‌ബോള്‍ എന്ന സ്വപ്‌നം വിദൂരത്തായി. പെണ്‍കുട്ടികള്‍ ഫുട്‌ബോള്‍ കളിക്കാരായി കഴിയുന്നത് ഏറ്റവും അപകടം പിടിച്ച ഒന്നാണിപ്പോള്‍ അവിടെ. കാരണം, അവര്‍ വലിയതോതില്‍ അംഗീകരിക്കപ്പെട്ടിരുന്നു. അതിനാലാണ് രക്ഷപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്-അവര്‍ പറഞ്ഞു.

ജന്മനാടായ ഹെറാത്തില്‍ 13 വയസ്സുമുതല്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നതാണ് സെബരിയ്യ. 

കാബൂളിലെ ഒരു ഹോസ്റ്റലിലാണ് ആദ്യം തങ്ങിയത്. എല്ലായിടത്തും താലിബാന്‍ നിലയുറപ്പിച്ചിരുന്നതിനാല്‍ അത് ഏറെ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു. താലിബാന് ഒട്ടേറെ ചെക്ക് പോയിന്റുകള്‍ ഉണ്ടായിരുന്നു. അവിടെ വെച്ച് അവര്‍ ആളുകളെ അടിച്ചിരുന്നു. തോക്കുകളും തോല്‍വാറുകളും അവരുടെ കൈവശം ഉണ്ടായിരുന്നു. എല്ലാ തെരുവുകളും വലിയതോതിലുള്ള അക്രമങ്ങള്‍ ഉണ്ടായിരുന്നു. ഹോസ്റ്ററില്‍ ഒളിവില്‍ കഴിഞ്ഞ ഞങ്ങള്‍, അവര്‍ ഞങ്ങളെ ഒരിക്കലും കണ്ടുപിടിക്കാതിരിക്കാന്‍ വാതിലുകളെല്ലാം പൂട്ടിയിട്ടു-സബരിയ വിവരിച്ചു.

ഏകദേശം ഒരു മാസത്തോളം വളരെ മോശവും ഭയാനകവുമായ സാഹചര്യത്തിലാണ് സബരിയയും കൂട്ടരും കഴിഞ്ഞത്. മുഖം മറയ്ക്കാതെയും കൂടെ ഒരു പുരുഷന്‍ ഇല്ലാതെയും അവര്‍ക്ക് ഹോസ്റ്റലിന്റെ പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. 
ഭീഷണിയുള്ളതുകാരണം കാബൂള്‍ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. വളരെ മോശമായ സാഹചര്യമായിരുന്നു അത. ബസില്‍നിന്ന് ഇറക്കിവിട്ടപ്പോള്‍ ഞാന്‍ വഴിയരികില്‍ കുത്തിയിരുന്നു. നമുക്ക് രക്ഷപ്പെടാന്‍ കഴിയുമോ എന്ന് ഓരോരുത്തരും എന്നോട് ചോദിച്ച് തുടങ്ങി. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.-സബരിയ പറഞ്ഞു.

പത്ത് ദിവസത്തിന് ശേഷം പാകിസ്താന്‍ അതിര്‍ത്തി കടക്കാനുള്ള താത്കാലിക വിസ അവര്‍ക്ക് കിട്ടി. എന്നാല്‍, പുറത്തേക്കിറങ്ങാന്‍ ബുര്‍ഖ ധരിക്കാന്‍ പെണ്‍കുട്ടികളെ അവര്‍ നിര്‍ബന്ധിച്ചു. പാകിസ്താനിലേക്ക് കടക്കാന്‍ കാത്തുനില്‍ക്കവേ മുഖം മറച്ചില്ല എന്ന കാരണത്താല്‍ താലിബാന്‍ അംഗങ്ങള്‍ തോല്‍വാര്‍ ഉപയോഗിച്ച് കൈകളിലും പുറകിലും അടിച്ചു. ചുറ്റിലും ആളുകള്‍കൂടിയിരുന്നതിനാല്‍ അസഹനീയമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്. അതിനാല്‍, മുഖവും മൂക്കുകളും മറയ്ക്കാന്‍ പറ്റുമായിരുന്നില്ല. അതിനിടെ അഫ്ഗാന്‍ ഫുട്‌ബോള്‍ ടീമിനെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു അക്ഷരം താലിബാന്‍ കണ്ടുപിടിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തു. ഫുട്‌ബോള്‍ ടീമംഗങ്ങള്‍ ആണോയെന്ന് താലിബാന്‍ സബരിയയോട് ചോദിച്ചു. ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു. അമുസ്ലിമുകളാണെന്നും കൊല്ലുമെന്നും പൊതുവിടത്തില്‍ കൊണ്ടുപോയി തൂക്കിക്കൊല്ലുമെന്നും അവര്‍ ഭീഷണി മുഴക്കി. 

എന്നാല്‍, പിന്നീട് തങ്ങളുടെ അതിര്‍ത്തികള്‍ ഫുട്‌ബോള്‍ അംഗങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ പാകിസ്താന്‍ സമ്മതിച്ചു. 
അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികളും സ്ത്രീകളും കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് അടുത്തിടെ താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. 

വളരെ സജീവമായ ഇടപെടലുകള്‍ നടത്തിയിരുന്ന, സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. എന്നില്‍നിന്ന് എല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. രാജ്യം വിടുക എന്നതുമാത്രമാണ് എന്റെ മുമ്പില്‍ ഉണ്ടായിരുന്ന വഴി. അവര്‍ സ്ത്രീകളുടെ ആത്മാവിനെ കൊല്ലുകയും ശരീരം മാത്രമായി ബാക്കി വെച്ചിരിക്കുകയുമാണ്-സബരിയ പറഞ്ഞു. 

മുന്‍ അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഖാലിദ പോപ്പല്‍ ആണ് ഫുട്‌ബോള്‍ സംഘത്തെ അഫ്ഗാനിസ്താനില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്. നിലവില്‍ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലിന് പുറത്ത് അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നുവെന്ന് ഖാലിദ പറഞ്ഞു. 

തങ്ങള്‍ക്ക് അഭയം നല്‍കിയ യു.കെ. സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിച്ചാണ് തങ്ങള്‍ ഓരോ ദിവസവും കഴിഞ്ഞുകൂടുന്നതെന്ന് ടീമംഗങ്ങള്‍ പറഞ്ഞു. 

Content highlights: Go kicked off bus wore burqas for disguise how Afghan women footballers escaped from Taliban