തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിക്കുന്ന പെൺകുട്ടികൾക്കുനേരേയുള്ള ആക്രമണങ്ങൾ ഇന്ത്യയിൽ വർധിക്കുകയാണെന്ന് എ.ഡി.ജി.പി. ബി.സന്ധ്യ പറഞ്ഞു. വനിതാദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമിയും ടെക്‌നോപാർക്കിലെ കലാ സാംസ്‌കാരിക സംഘടനയായ നടനയും ടെക്‌നോപാർക്കിൽ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു സന്ധ്യ.

അക്രമങ്ങളെ നേരിടാൻ രാജ്യത്ത് ശക്തമായ നിയമങ്ങളുണ്ട്. ഇത് വേണ്ടരീതിയിൽ നടപ്പാക്കേണ്ടതുണ്ട്. എന്നാൽ, പെൺകുട്ടികൾ ‘നോ’ എന്ന് പറയേണ്ടിടത്ത് അത് പറഞ്ഞുതന്നെ ശീലിക്കണം. എങ്കിൽ മാത്രമേ ജീവിതം മെച്ചപ്പെട്ടരീതിയിൽ മുന്നോട്ടുപോകൂ. അടിയന്തര സാഹചര്യങ്ങളിൽ പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്നും പ്രതികരിക്കണമെന്നും കുട്ടികളെ പഠിപ്പിക്കേണ്ടതും അനിവാര്യമാണ് -അവർ പറഞ്ഞു.

തന്റെ ഉൾക്കാഴ്ചയിലൂടെ എല്ലാം കാണാനും ലോകത്തെ അറിയാനും സാധിക്കുമെന്ന് ഭിന്നശേഷിയുള്ള സാമൂഹികപ്രവർത്തകയായ ടിഫാനി ബ്രാർ പറഞ്ഞു. മകന് കഥകൾ പറഞ്ഞു കൊടുത്തുകൊണ്ടാണ് കുട്ടിക്കഥകളുടെ എഴുത്തിലേക്ക് കടന്നുവന്നതെന്ന് എഴുത്തുകാരി എ.ഖൈറുന്നീസ പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്ക് നേരേയുള്ള വിവേചനം കുറഞ്ഞുവരികയാണെന്ന് സ്പോർട്‌സ് ഹബ് ചീഫ് എക്‌സിക്യുട്ടീവ് അജയ് പദ്മനാഭൻ പറഞ്ഞു. സ്ത്രീകൾ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അനുസരിച്ചല്ല സ്വന്തം മനഃസാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് കേരള സർവകലാശാല ബയോ ഇൻഫർമാറ്റിക്സ് മേധാവി അച്യുത് ശങ്കർ എസ്.നായർ പറഞ്ഞു.

ടെക്‌നോപാർക്കിലെ വിവിധ കമ്പനികളുടെ ജീവനക്കാരും സംവാദത്തിൽ പങ്കെടുത്തു. സ്ത്രീകൾ നേരിടുന്ന വിവിധ വിഷയങ്ങളും ജോലിഭാരവും സംബന്ധിച്ച ചർച്ചകളും നടന്നു. മാതൃഭൂമി ന്യൂസിലെ എസ്.ശ്രീജ മോഡറേറ്ററായിരുന്നു.

Content Highlights: Girls Should Learn to say No, International Women's Day, B Sandhya