ചെന്നൈ: ടൈഫോയ്ഡ് ബാധിച്ചതിന് അച്ഛന്‍ മന്ത്രവാദിയുടെ അടുത്ത് ബാധ ഒഴിപ്പിക്കാൻ കൊണ്ടുപോയ യുവതി കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ രാമനാഥപുരം ഉച്ചിപുളി സ്വദേശിയായ താരണി എന്ന പത്തൊന്‍പതുകാരിയാണ് അച്ഛന്റെ അന്ധവിശ്വാസം കാരണം ദാരുണമായി മരിച്ചത്.
ഏതാനും ദിവസങ്ങളായി കടുത്ത ടൈഫോയ്ഡിനെ തുടര്‍ന്ന് അവശനിലയിലായിരുന്നു താരണി. എന്നാല്‍, മകളുടെ രോഗത്തിന് കാരണം ബാധയാണെന്ന് ഉറച്ചുവിശ്വസിച്ച അച്ഛന്‍ വീരസെല്‍വം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം മകളെ കൊണ്ടുപോയത് ഒരു മന്ത്രവാദിയുടെ അടുത്തലേയ്ക്ക്. മകളില്‍ ഒന്‍പത് വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ ബാധ കയറി എന്നായിരുന്നു സെല്‍വത്തിറെ വിശ്വാസം. താരണി ഇടയ്ക്കിടെ അമ്മയെ സംസ്‌കരിച്ച സ്ഥലം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി സന്ദര്‍ശിച്ചതിനുശേഷമാണ് ടൈഫോയ്ഡ് പിടികൂടിയത്. ഇതിനെ തുടര്‍ന്നാണ് തന്റെ ഭാര്യയുടെ പ്രേതം മകളില്‍ കയറിയതാണെന്ന് സെല്‍വം വിശ്വസിച്ചത്. ഇതു കാരണം മകള്‍ക്ക് യാതൊരുവിധ ചികിത്സയും നല്‍കിയിരുന്നില്ല. ബാധ ഒഴിപ്പിക്കാന്‍ കൊണ്ടുപോയ മന്ത്രവാദിയില്‍ നിന്ന് ചൂരലടിയും പുകയ്ക്കലും അടക്കം ക്രൂരമായ മര്‍ദനമാണ് താരണിക്ക് നേരിടേണ്ടിവന്നത്. ഇതിനെ തുടര്‍ന്ന് അവശായി തളര്‍ന്നു വീണതിനെ തുടര്‍ന്നാണ് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
താരണി മരിച്ചതിനെ തുടര്‍ന്ന് പോലീസ് അച്ഛന്‍ സെല്‍വത്തെയും മന്ത്രാവാദിയെയും മറ്റ് ബന്ധുക്കളെയും ചോദ്യം ചെയ്തു.
Content Highlight: Exorcist, Superstition, Typhoid, Ramanathapuram