ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ റോഡിലെ കുഴികള്‍ അടയ്ക്കാന്‍ തന്റെ സമ്പാദ്യം മുഴുവന്‍ നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രിയോട് ഏഴുവയസ്സുകാരി ധാവണി. രണ്ട് വര്‍ഷം മുമ്പ് ഉണ്ടായ റോഡപകടത്തില്‍ ദാവണിയുടെ അമ്മ രേഖാ നവീന്റെ കാലിന്റെ എല്ല് ഒടിഞ്ഞിരുന്നു. വീഡിയോയിലൂടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയോട് ധാവണി അപേക്ഷിച്ചത്. 

കര്‍ണാടകയിലെ തുമക്കുരു ജില്ലയിലെ തിപ്തൂര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളിയുടെ മകളാണ് രണ്ടാം ക്ലാസുകാരിയായ ധാവണി. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനു താന്‍ സൂക്ഷിച്ചുവെച്ച പണമാണിതെന്ന് വീഡിയോയില്‍ ധാവണി വ്യക്തമാക്കി. 

അടുത്തിടെ പടിഞ്ഞാറന്‍ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ ഭിന്നശേഷിക്കാരനായ 65 വയസ്സുകാരന്‍ മരിച്ചിരുന്നു. ഇതില്‍ ഏറെ ദുഃഖിതയായാണ് ധാവണി മുഖ്യമന്ത്രിയോട് അപേക്ഷിച്ചത്. 
''അപകടമുണ്ടായപ്പോള്‍ ധാവണി ചെറിയ കുട്ടിയായിരുന്നു. സംഭവത്തിന്റെ ഗൗരവത്തെക്കുറിച്ച് അന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നില്ല. എന്നാല്‍, നാളുകള്‍ കഴിഞ്ഞപ്പോള്‍ അവളുടെ കൂട്ടുകാരും കുടുംബാംഗങ്ങളും വാഹനാപകടങ്ങളുടെ ഇരയാകുന്നതായി അവള്‍ തിരിച്ചറിഞ്ഞു''-ധാവണിയുടെ അമ്മ രേഖാ നവീന്‍ പറഞ്ഞു. 

വിദേശത്തുള്ള പെണ്‍കുട്ടി മാതാപിതാക്കളുടെ സഹായത്തോടെ റോഡിലെ കുഴികടയ്ക്കുന്ന വീഡിയോ ധാവണി കണ്ടിരുന്നു. അതുപോലെ ചെയ്യാന്‍ അച്ഛനോടും അമ്മയോടും അവള്‍ ആവശ്യപ്പെട്ടു. എന്നാല്‍, നഗരത്തിലെ റോഡുകളില്‍ നൂറുകണക്കിന് കുഴികളുള്ളതിനാല്‍ അത് അടയ്ക്കാന്‍ മുഖ്യമന്ത്രിയോട് അപേക്ഷിക്കാന്‍ അമ്മയാണ് ധാവണിയെ ഉപദേശിച്ചത്. തുടര്‍ന്ന് അമ്മയുടെ സഹായത്തോടെയാണ് അവള്‍ വീഡിയോ തയ്യാറാക്കിയത്.

മിഠായി വാങ്ങുന്നതിന് തനിക്ക് പലപ്പോഴായി മാതാപിതാക്കള്‍ നല്‍കിയതാണ് പണമെന്ന് വീഡിയോയില്‍ ധാവണി വ്യക്തമാക്കി. നിര്‍ജലീകരണം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള തനിക്ക് ഒരു ഗ്ലാസ് വെള്ളം കുടിയ്ക്കുന്നതിന് അച്ഛന്‍ ഒരു രൂപ വെച്ചു തരുമായിരുന്നെന്നും ഇതും സമ്പാദ്യത്തിലുള്‍പ്പെടുന്നതായി ധാവണി പറഞ്ഞു. തനിക്ക് ഇന്ത്യന്‍ രാഷ്ട്രപതിയാകണമെന്ന് വ്യക്തമാക്കിയ ധാവണി എല്ലാവര്‍ക്കും സൗജന്യമായി വീട് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

Content highlights: girl offers her savings to karnataka cm for fixing potholes