കോഴിക്കോട്: എല്ലാ വാരാന്ത്യങ്ങളിലും അഷ്‌ല വയനാടൻ ചുരം കയറും. അവധിദിനം ആഘോഷമാക്കാനോ ഉല്ലാസയാത്രയ്ക്കോ വേണ്ടിയല്ല. തന്നെ കാത്തിരിക്കുന്ന ഒരുപറ്റം മിണ്ടാപ്രാണികളെ കാണാനാണത്. മൂന്നുവർഷമായി കുരങ്ങന്മാർക്കും തെരുവുനായ്ക്കൾക്കും അന്നമൂട്ടുകയാണ് പന്തീരാങ്കാവ് സ്വദേശിനി അഷ്‌ല റസാഖ്.

ഒരുദിവസം വീട്ടിലെത്തിയ തെരുവുനായക്ക്‌ പേടിയോടെ ഭക്ഷണം നൽകി. പിന്നീടുള്ള ദിവസങ്ങളിൽ കൃത്യസമയത്ത് നായ വീട്ടിൽ ഹാജർ. ഈ പതിവാണ് മിണ്ടാപ്രാണികൾക്ക് ഭക്ഷണം നൽകാൻ അഷ്‌ലയെ പ്രേരിപ്പിച്ചത്.

കെ.എസ്.ആർ.ടി.സി. ടെർമിനൽ പരിസരം, പന്തീരാങ്കാവ്, പാലാഴി, മെഡിക്കൽ കോളേജ്, ഫറോക്ക്, രാമനാട്ടുകര എന്നിവിടങ്ങളിലെ തെരുവുനായ്ക്കൾക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിക്കും. വൈകീട്ട് നാലോടെയാണ് നഗരത്തിലെ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്. കൊടുത്തുതീരുമ്പോഴേക്കും രാത്രി ഏഴ് മണിയാവും. ശനിയാഴ്ചകളിലാണ് ചുരത്തിലെ കുരങ്ങന്മാർക്കും തെരുവുനായ്ക്കൾക്കും ആഹാരം നൽകാറുള്ളത്‌.

ആദ്യം കോഴിയിറച്ചിയും ചോറുമായിരുന്നു നായ്ക്കൾക്ക് കൊടുത്തിരുന്നത്. ഇതിന് ദിവസവും 500 രൂപ ചെലവ് വരും. ലോക്ഡൗണും കോവിഡും കാരണം വരുമാനം കുറഞ്ഞതോടെ കോഴിയിറച്ചി നൽകുന്നത് നിർത്തി. കുരങ്ങന്മാർക്ക് പഴങ്ങളാണ് കൊടുക്കുക. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുമ്പോൾ ചിലർ ചീത്ത വിളിക്കാറുണ്ടെന്നും അവരെ ബോധവത്കരിക്കാറുണ്ടെന്നും അഷ്‌ല പറഞ്ഞു. ‘‘ഇതുവരെ ഒരു നായപോലും ആക്രമിച്ചിട്ടില്ല. സ്കൂട്ടറിൽ പോവുമ്പോൾവരെ തെരുവുനായ്ക്കൾ സ്നേഹത്തോടെ കൂടെവരാറുണ്ട്’- അഷ്‌ല വ്യക്തമാക്കി.

തെരുവുനായ്ക്കളെ സംരക്ഷിക്കാനായി ഷെൽട്ടർ ഹോം നിർമിക്കണമെന്നാണ് ഫാഷൻ ഡിസൈനറായ അഷ്‌ലയുടെ ആഗ്രഹം. പാറക്കുളം പുതിയതോപ്പിൽ അബ്ദുൾ റസാഖിന്റെയും സുഹറാബിയുടെയും മകളാണ്.

Content Highlights: girl feeding stray animals stray dogs in india feeding stray dogs