ഓങ്ങല്ലൂർ: കിള്ളിമം​ഗലം കൽപ്പകശ്ശേരി ഇല്ലത്ത് പരേതനായ ശങ്കരൻ മൂസ്സതിന്റെ ഭാര്യ ​ഗം​ഗാദേവി അന്തർജനം(98) കള്ളാടിപ്പറ്റ കക്കുഴി ഇല്ലത്ത് അന്തരിച്ചു. 

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാ​ഗമായ 'തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന നാടകത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു. 

നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾക്ക് തൊഴിലും വിദ്യാഭ്യാസവും നൽകാനായിത്തുടങ്ങിയ ലക്കിടിയിലെ തൊഴിൽകേന്ദ്രത്തിലെ അന്തേവാസിയായിരുന്ന ​ഗം​ഗാദേവി അക്കാലത്ത് നമ്പൂതിരിസ്ത്രീകളുടെ അവകാശ സമരങ്ങൾക്കൊപ്പമുണ്ടായിരുന്നു.

ഓർമയാവുന്നത് മറക്കുട ഉപേക്ഷിച്ചതലമുറയുടെ പ്രതിനിധി

പട്ടാമ്പി: കിള്ളിമംഗലം കൽപ്പകശ്ശേരി ഇല്ലത്ത് ഗംഗാദേവി അന്തർജനത്തിന്റെ നിര്യാണത്തോടെ നഷ്ടമാവുന്നത് നമ്പൂതിരിസ്ത്രീകളുടെ അവകാശസമരത്തിന്റെ പോരാളിയെയാണ്. അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'തൊഴിൽകേന്ദ്രത്തിലേക്ക്' നാടകത്തിന്റെ സംഘാടകരിലൊരാളായിരുന്നു ഗംഗാദേവി.

തൃശ്ശൂർ നമ്പൂതിരി വിദ്യാലയത്തിലായിരുന്നു പഠനം. തുടർന്നാണ് യോഗക്ഷേമസഭയുടെയൊപ്പം പ്രവർത്തിക്കുന്നതും സാമൂഹ്യപരിഷ്‌കർത്താവായിരുന്ന ആര്യാ പള്ളവുമായി പരിചയപ്പെടുന്നതും. നമ്പൂതിരിസ്ത്രീകൾക്ക് തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകാൻ ലക്ഷ്യമിട്ട് തുറന്ന ലക്കിടിയിലെ തൊഴിൽ പരിശീലനകേന്ദ്രത്തിൽ 1946 മുതൽ അന്തേവാസിയായിരുന്നു. കടുത്ത എതിർപ്പിനിടയിലും തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകം അവതരിപ്പിച്ചതിന്റെ അനുഭവങ്ങൾ ഗംഗാദേവി മുമ്പ് പങ്കുവെച്ചിരുന്നു.

‘‘കടുത്ത എതിർപ്പ് സമുദായത്തിൽനിന്നും ഉണ്ടായി. ചിലർ കാണുമ്പോൾ ഞങ്ങൾക്കു നേരെ വാതിൽ വലിച്ചടച്ചു. മറ്റു ചിലർ മുഖത്ത്‌ നോക്കി ചീത്തവിളിച്ചു. ഭ്രഷ്ട് കല്പിക്കപ്പെട്ടു. അക്ഷരാഭ്യാസം കുറവാണെങ്കിലും ആര്യാപള്ളത്തിന്റെ നേതൃപാടവം അസാധാരണമായിരുന്നു. ഇ.എം.എസ്സിന്റേയും മറ്റും നേരിട്ടുള്ള നേതൃത്വം ആവേശം പകർന്നിരുന്നു...’’ ഗംഗാദേവിയുടെ ഓർമക്കുറിപ്പുകളിൽ പറയുന്നുണ്ട്.

തൊഴിൽകേന്ദ്രത്തിലേക്ക് നാടകത്തിൽ പങ്കാളികളായ ജീവിച്ചിരിക്കുന്ന ചുരുക്കം ചിലരിൽ ഗംഗാദേവിയും ഓർമയാവുകയാണ്.

നമ്പൂതിരിസമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഗംഗാദേവി നല്ല പങ്കു വഹിച്ചെന്നും 'തൊഴിൽകേന്ദ്രത്തിലേക്ക്' എന്ന നാടകത്തിന്റെ സംഘാടകരിലൊരാളായിരുന്നുവെന്നും മന്ത്രി എ.കെ. ബാലൻ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അനുസ്മരിച്ചു.

മറക്കുട ഉപേക്ഷിച്ച് കേരളത്തിന്റെ പൊതുധാരയിലേക്ക് വന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഗംഗാദേവിയെന്നും മന്ത്രി പറഞ്ഞു.

Content Highlights: gangadevi antharjanam passes away