കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ നമ്മുടെ ജീവിത ശൈലിയിലാകെ മാറ്റങ്ങള്‍ വന്നിരുന്നു. സാമൂഹിക അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും മാസ്‌ക് ധരിച്ചുമെല്ലാം വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് നാം. മാസ്‌ക് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാനും നമ്മള്‍ പഠിച്ചു കഴിഞ്ഞു. എന്നാല്‍ പ്രസവ സമയത്ത് ഗര്‍ഭിണി മാസ്‌ക് ധരിക്കണമെന്ന നിയമം വന്നാലോ, ഫ്രാന്‍സിലാണ് പ്രസവസമയത്ത്‌ സ്ത്രീകള്‍ മാസ്‌ക് ധരിക്കണമെന്ന നിയമം കൊണ്ടുവന്നത്. എന്നാല്‍ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍. 

വളരെയധികം വേദന നിറഞ്ഞ ഒന്നാണ് പ്രസവമെന്നിരിക്കേ, മുഖത്ത് മാസ്‌കില്ലെങ്കിലും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന അവസ്ഥയില്‍ മാസ്‌ക് മുഖത്ത് ധരിക്കണമെന്ന് ആവശ്യപ്പെടുന്നത് ലിംഗനീതിയല്ലെന്നാണ് ഇതിനെതിരേ പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. താല്‍പര്യമുള്ള ഗര്‍ഭിണികള്‍ മാത്രം പ്രസവസമയത്ത് മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് ഫ്രാന്‍സിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായ അഡ്രിയന്‍ ടാക്വെറ്റ് അഭിപ്രായപ്പെടുന്നത്.  

നാഷണല്‍ കോളേജ് ഓഫ് ഫ്രെഞ്ച് ഗൈനക്കോളജിസ്റ്റ്‌സ് ആന്‍ഡ് ഒബ്സ്റ്റട്രീഷ്യന്‍സാണ് പ്രസവ സമയത്ത് സ്ത്രീകള്‍ ഫെയ്സ്മാസ്ക്ക് ധരിക്കണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. എന്നാല്‍ ധാരാളം അമ്മമാരാണ് ഇത്തരത്തില്‍ മാസ്‌ക് ധരിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ പറയാന്‍ രംഗത്തെത്തിയത്. ഫെയ്സ്മാസ്ക് ധരിച്ച് പ്രസവത്തിനായി കയറ്റിയ തനിക്ക് പിന്നീട് ശ്വാസംമുട്ടലുണ്ടായതോടെ മാസ്‌ക് നീക്കി ഓക്‌സിജന്‍ നല്‍കേണ്ടി വന്നതായി ഒരു യുവതി പറയുന്നു.

Content Highlights: French government is about to relax the face mask wearing rule for mothers while giving birth