സൗന്ദര്യമത്സര വേദികളെയും സിവിൽ സർവീസിനെയും ഒരുപോലെ സ്വപ്നം കണ്ട പെൺകുട്ടി. ഇരുമേഖലകളിലും തന്റെ പ്രയത്നത്തിലൂടെ അവൾ വിജയക്കൊടി പാറിച്ചു. പറഞ്ഞുവരുന്നത് യു.പി.എസ്.സി ഫലത്തിൽ തൊണ്ണൂറ്റിമൂന്നാം റാങ്കോടെ ഐ.എ.എസ് എന്ന സ്വപ്നം നേടിയെടുത്ത മുൻ മിസ് ഇന്ത്യാ മത്സരാർഥി കൂടിയായ ഐശ്വര്യ ഷിയോറണിനെക്കുറിച്ചാണ്. 

ചെറിയ സൗന്ദര്യ മത്സരവേദികളിൽ തുടങ്ങി 2016ലെ മിസ് ഇന്ത്യാ വേദിയിലെ അവസാന ഘട്ടത്തിൽ വരെ എത്തിച്ചേർന്നയാളാണ് ഐശ്വര്യ. സിവിൽ സർവീസ് നേട്ടം അത്ര എളുപ്പമായിരുന്നില്ലെന്നും അതിയായി പരിശ്രമിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. ഫോൺ ഓഫ് ചെയ്തു വെക്കുകയും സമൂഹമാധ്യത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയും ചെയ്തു. പരീക്ഷയിൽ മാത്രം പൂർണ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോയതിന്റെ ഫലമാണ് ഈ റിസൽട്ടെന്നും ഐശ്വര്യ. 

ഇനി പെട്ടെന്നു പൊട്ടിമുളച്ച മോഹമാണ് തന്റേതെന്നു കരുതരുതെന്നും ഐശ്വര്യ പറയുന്നുണ്ട്. എന്നും സിവിൽ സർവീസ് മോഹം മനസ്സിലുണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയ്ക്ക് മറ്റേതു മേഖലയേക്കാളും അതിരുകളില്ലാത്ത നേട്ടങ്ങളുടെ ലോകമാണ് സിവിൽ സർവീസ് വിഭാവനം ചെയ്യുന്നതെന്നും ഐശ്വര്യ. 

കരിംന​ഗറിലെ എൻ.സി.സി ബറ്റാലിയൻ കമാൻഡിങ് ഓഫീസർ അജയ് കുമാറിന്റെ മകൾ കൂടിയായ ഐശ്വര്യ ആദ്യശ്രമത്തിൽ തന്നെ നേട്ടം കരസ്ഥമാക്കി എന്നതും ശ്രദ്ധേയമാണ്. പ്രത്യേക കോച്ചിങ്ങുകളുടെ സഹായമില്ലാതെയാണ് താൻ ഈ ഫലം നേടിയെടുത്തതെന്നും ഐശ്വര്യ പറയുന്നു. 

ഫെമിന മിസ് ഇന്ത്യയുടെ ട്വിറ്റർ പേജിലും ഐശ്വര്യയുടെ വിജയവാർത്ത പങ്കുവച്ചിട്ടുണ്ട്. ഐശ്വര്യാ ഷിയോറൺ, 2016ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റ്, 2016ലെ ക്യാംപസ് പ്രിൻസസ് ഡൽഹി, 2015ലെ ഡൽഹി ഫ്രഷ്ഫേസ് വിന്നർ, സിവിൽ സർവീസ് പരീക്ഷയിൽ തൊണ്ണൂറ്റിമൂന്നാം റാങ്ക് കരസ്ഥമാക്കി നമ്മെയെല്ലാം അഭിമാനത്തിലാഴ്ത്തുന്നു. ഈ നേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ- എന്നാണ് ഫെമിനയുടെ പേജിൽ കുറിച്ചിരിക്കുന്നത്.

ഡൽഹിയിലെ രാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം  നേടിയ ഐശ്വര്യക്ക് 2018ൽ ഇൻഡോറിലെ ഐ.ഐ.എമ്മിൽ അഡ്മിഷൻ കിട്ടിയെങ്കിലും സിവിൽ സർവീസസ് പരീക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആ അവസരം വേണ്ടെന്നു വെക്കുകയായിരുന്നു. 

ഐശ്വര്യ എന്ന പേരിനു പുറകിലും ഒരു കഥയുണ്ട്. ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയുടെ ആരാധികയായ അമ്മയാണ് മകൾക്ക് ഈ പേരു നൽകിയത്. സിവിൽ സർവീസ് ഓഫീസർമാരടക്കം നിരവധി പേരാണ് ഐശ്വര്യയെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 

Content Highlights: Former Miss India Finalist Aishwarya Sheoran Ranks 93 in UPSC Exams