ലോക്ക്ഡൗണ്‍ കാലത്ത് മത്സ്യകൃഷിയില്‍ വിജയംനേടി കുടുംബത്തിന് താങ്ങായ കഥയാണ് കുട്ടമ്പുഴയിലെ മുപ്പത് വീട്ടമ്മമാര്‍ക്ക് പറയാനുള്ളത്. വരുമാന മാര്‍ഗമെല്ലാം അടഞ്ഞ കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ മുപ്പതോളം കുടുംബങ്ങളെ കൊറോണക്കാലത്ത് സംരക്ഷിച്ചത് വീട്ടമ്മമാരുടെ അധ്വാനമാണ്.  കഴിഞ്ഞ വര്‍ഷം അവസാനം ആരംഭിച്ച മത്സ്യകൃഷി ഇപ്പോള്‍ ഇവര്‍ക്ക് ഉപജീവന മാര്‍ഗവും നാടിനുതന്നെ ഉപയോഗപ്രദവുമായി മാറുകയായിരുന്നു. മറ്റൊരു സമയത്തും ലഭിക്കാതിരുന്ന ആദായമാണ് ഇക്കാലയളവില്‍ മത്സ്യകൃഷിയില്‍നിന്ന് ലഭിച്ചത്.  കുളം കുഴിച്ചതും വിളവെടുത്തതും സ്ത്രീകള്‍. 

ആറ് കുളങ്ങളിലായാണ് മത്സ്യകൃഷി നടത്തിയത്. അഞ്ചെണ്ണം കൃത്രിമമായി നിര്‍മിച്ചതാണ്. കുളം കുഴിച്ചതും ബാക്കി പണികള്‍ ചെയ്തതും ഒക്കെ സ്ത്രീകള്‍തന്നെ. ഇവരുടെ പുരയിടങ്ങളിലാണ് കുളം കുഴിച്ചത്. 2019 അവസാനമാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 30 പട്ടികവര്‍ഗ വനിതകളുടെ നേതൃത്വത്തില്‍ ആറ് യൂണിറ്റുകളിലാണ് മത്സ്യകൃഷി നടത്തിയത്.  ഫാമുകള്‍ വഴി മീന്‍കുഞ്ഞുങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്‍ എത്തിച്ചുനല്‍കി. പുരയിടങ്ങളില്‍ നിര്‍മിച്ച കുളങ്ങളിലേക്ക് കാട്ടിലെ അരുവിയില്‍നിന്നാണ് ജലം എത്തിച്ചത്. അതിലാണ് മത്സ്യകൃഷി ചെയ്തത്. ആദ്യഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെതന്നെ നല്ല വിളവെടുപ്പ് കിട്ടിത്തുടങ്ങി. 

ശുദ്ധമായ ജലത്തില്‍ വളര്‍ന്ന മത്സ്യമായതിനാല്‍ നൂറുശതമാനം വിഷരഹിതമാണെന്ന് ഉറപ്പുവരുത്തിയാണ് വില്പന നടത്തിത്.  സാമൂഹിക അകലം പാലിച്ച് സര്‍ക്കാര്‍ നിര്‍ദേശം പൂര്‍ണമായി അനുസരിച്ചായിരുന്നു വില്പന. രാസ വസ്തുക്കള്‍ ഇല്ലാത്ത മീനിന് ആവശ്യക്കാരേറെയുണ്ടായിരുന്നു എന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (െട്രെബല്‍ വിഭാഗം) പൊന്നി കണ്ണന്‍ പറയുന്നു. കുടുംബശ്രീ യൂണിറ്റുകള്‍ വഴിയാണ് വില്പന നടത്തിത്. സമന്വയ, പൊന്നൂസ്, നക്ഷത്ര യൂണിറ്റുകളില്‍നിന്നാണ് കൂടുതല്‍ മത്സ്യം വിറ്റുപോയത്. ഇനിയും വിളവെടുക്കാനുണ്ട്. 30 സ്ത്രീകള്‍ക്കും മത്സ്യ വില്പനയില്‍നിന്ന് നല്ല ആദായം കിട്ടി. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷവും മത്സ്യകൃഷി സജീവമാക്കാനാണ് ഉദ്ദേശ്യം.

Content Highlights: fisheries farming for housewives during the lockdown