തിനഞ്ചാം വയസ്സില്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പാട്ടുകാരി, പിന്നെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കരുതലായ നല്ലൊരു ഡോക്ടര്‍, അതിനുശേഷം ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഓഫീസര്‍... വിങ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്മി രമണന്‍ ഓര്‍മ്മിക്കപ്പെടുക ഇങ്ങനെയെല്ലാമാവും. ഇനി വരുന്ന പെണ്‍തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒരുപിടി കാര്യങ്ങള്‍ ഒരുക്കിവച്ചിട്ടാണ് 96-ാം വയസ്സില്‍ അവര്‍ ഈ ലോകത്തില്‍ നിന്ന് വിടപറഞ്ഞത്. ഞായറാഴ്ച ബംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

1924 ലാണ് വിജയലക്ഷ്മി ജനിച്ചത്. 1955 ലാണ് വിജയലക്ഷ്മി സൈനികസേവനത്തിനായി എത്തുന്നത്. ഇന്ത്യന്‍ സൈന്യത്തില്‍ ഇടക്കാല സേവനത്തിനായി എത്തിയ വിജയലക്ഷ്മി അപ്രതീക്ഷിതമായാണ് വ്യോമസേനയില്‍ എത്തുന്നത്. 24 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിജയലക്ഷ്മി വ്യോമസേനയില്‍ നിന്ന് വിരമിച്ചത്. 

ഓഫീസര്‍ 4971 എന്നതായിരുന്നു വിജയലക്ഷ്മിയുടെ ഔദ്യോഗിക നാമം. പുരുഷ ഉദ്യോഗസ്ഥരുടെ ഇടയില്‍ ഒറ്റ ഒരു വനിതയായിരുന്നു അവര്‍. ' ആദ്യം ഞാന്‍ വളരെയധികം പേടിച്ചിരുന്നു, അതുവരെ ഞാന്‍ പുരുഷന്‍മാര്‍ക്കൊപ്പം ജോലി ചെയ്തിരുന്നില്ല, എങ്കിലും ജീവിതത്തില്‍ എന്തുവന്നാലും നേരിടാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നു..' ഒരിക്കല്‍ ഒരു ഡോക്യുമെന്ററിയില്‍ വിജയലക്ഷ്മി പറഞ്ഞു. 

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരമാണ് വിജയലക്ഷ്മി സേനയില്‍ ഡോക്ടറായി സേവനമനുഷ്ടിക്കാന്‍ എത്തിയത്. വര്‍ഷങ്ങളോളം വ്യോമസേനയിലെ ഒരേയൊരു വനിതാ ഓഫീസര്‍ വിജയലക്ഷ്മിയായിരുന്നു. മൊത്തം സേനയിലാണെങ്കില്‍ വിരലില്‍ എണ്ണാന്‍ മാത്രവും. 

പെട്ടെന്നുള്ള വിജയലക്ഷ്മിയുടെ നിയമനം സേനയില്‍ ആദ്യം ഉണ്ടാക്കിയ പ്രശ്‌നം യൂണിഫോമുമായി ബന്ധപ്പെട്ടാണ്. ഇതിന് വിജയലക്ഷ്മി തന്നെ ഒരു പരിഹാരം കണ്ടെത്തി. എയര്‍ഫോഴ്‌സ് ബ്ലൂവിലുള്ള സാരിയും ടാന്‍ കളര്‍ ബ്ലൗസുമായിരുന്നു അവരുടെ വേഷം. പിന്നീട് ഇതിന്റെ പരിഷ്‌കൃതരൂപമാണ് എയര്‍ഫോഴ്‌സ് വനിതാ ഉദ്യോഗസ്ഥരുടെ യൂണിഫോമായി മാറിയത്. 

എയര്‍ഫോഴ്‌സില്‍ എന്തെങ്കിലും വേര്‍തിരിവുകള്‍ അനുഭവിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് ഡോക്യുമെന്ററിയില്‍ വിജയലക്ഷ്മി നല്‍കുന്നത്. ഞാനവിടെ സ്വീകാര്യയല്ല എന്ന തോന്നല്‍ ഒരിക്കലും തനിക്കുണ്ടായിട്ടില്ല എന്നും അവര്‍ പറയുന്നു. 

ജലഹള്ളി, കാണ്‍പൂര്‍, സെക്കന്ധരാബാദ്, ബംഗളൂരൂ.. തുടങ്ങി വ്യോമസേനയുടെ വിവിധ ആശുപത്രികളില്‍ വിജയലക്ഷ്മി സേവനമനുഷ്ടിച്ചു. ഗൈനക്കോളജിസ്റ്റ് എന്ന നിലയിലുള്ള ജോലികള്‍ മാത്രമല്ല, മെഡിക്കല്‍ബോര്‍ഡ്, ഫാമിലിപ്ലാനിങ് തുടങ്ങിയവയുടെ മേല്‍നോട്ടവും വിജയലക്ഷ്മിക്കായിരുന്നു. ഒപ്പം നഴ്‌സിങ് ഓഫീസര്‍മാര്‍ക്ക് പ്രസവചികിത്സ, ഗൈനക്കോളജി വിഷയങ്ങളില്‍ ക്ലാസുകളും എടുത്തിരുന്നു.

ഇന്ത്യയും അയല്‍രാജ്യങ്ങളുമായി യുദ്ധമുണ്ടായ 1962, 1966, 1971 എന്നീ വര്‍ഷങ്ങളില്‍ സൈന്യത്തോടൊപ്പം യുദ്ധമേഖലയിലായി വിജയലക്ഷ്മിയുടെ സേവനം. പരിക്കേറ്റ സൈനികര്‍ക്കു വേണ്ട ചികിത്സയും പരിചരണവുമായി വിജയലക്ഷ്മി തന്റെ ദൗത്യം വിജയകരമാക്കി. 1979 ല്‍ സൈന്യത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ വിങ് കമാന്‍ഡര്‍ റാങ്കിലായിരുന്നു അവര്‍. 

വര്‍ഷങ്ങള്‍ക്കു ശേഷം സേവനങ്ങളെ മാനിച്ച് വിശിഷ്ട സേവാ മെഡലും വിജയലക്ഷ്മിക്ക് ലഭിച്ചു. 

Content Highlights: first woman IAF officer Dr. Vijayalakshmi Ramanan passes away in Bengaluru