ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഭാവ്‌നാ കാന്ത്, റിപ്ബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്, ഇന്ത്യന്‍ യുവത്വത്തിന് മറ്റൊരു മാതൃകയാവുകയാണ് അവര്‍. പരേഡില്‍ അണിനിരക്കുന്ന സേനയുടെ നിശ്ചലദൃശ്യത്തിനൊപ്പമുള്ള സേനാംഗങ്ങളില്‍ ഭാവ്നയും ഇടം പിടിക്കും. 2018 ലാണ് യുദ്ധവിമാനം പറപ്പിക്കുന്നതിനുള്ള യോഗ്യത ഭാവ്‌ന നേടിയത്.
ബീഹാറിലെ ബേഗുസരായ് എന്ന ഗ്രാമത്തില്‍ നിന്നാണ് ഭാവ്‌ന ഉയരങ്ങള്‍ കീഴടക്കാനുള്ള തന്റെ യാത്ര ആരംഭിച്ചത്. 'ചെറുപ്പം മുതല്‍ റിപബ്ലിക് ദിന പരേഡ് കാണുമ്പോള്‍ പങ്കെടുക്കണമെന്ന് ആഗ്രഹച്ചിരുന്നു, ഇപ്പോള്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനമുണ്ട്.' ഭാവ്‌ന ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ. റാഫേലും സുഖോയും അടക്കമുള്ള യുദ്ധവിമാനങ്ങള്‍ പറത്താന്‍ ആഗ്രഹമുണ്ടെന്നും അവര്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ദ്രി ഡോ. ഹര്‍ഷവര്‍ധന്‍ ഇത് ഇന്ത്യയുടെ അഭിമാന നിമിഷമെന്നാണ് ഭാവ്‌നയെ അഭിനന്ദിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചത്.
Marking the dawn of empowered women-led #NewIndia
— Dr Harsh Vardhan (@drharshvardhan) January 18, 2021
Flt Lt Bhawana Kanth is set to become the first woman fighter pilot to take part in the Republic Day parade.
Indeed a proud moment for the entire country!@IAF_MCC pic.twitter.com/NqY6bYDtWL
2016- ലാണ് ഭാവ്‌ന വ്യോമസേനയുടെ ഭാഗമാവുന്നത്. രാജ്യത്തെ ആദ്യ മൂന്ന് വനിതാ ഫൈറ്റര്‍ പൈലറ്റുമാരില്‍ ഒരാള്‍ കൂടിയാണ് ഭാവ്‌ന. റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനമായ മിഗ് 21 ബൈസണാണ് നിലവില്‍ ഭാവ്‌ന പറത്തുന്നത്. ബിക്കാനീറിലെ എയര്‍ ബേസിലാണ് സേവനം.
ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡില്‍ രണ്ട് റാഫേല്‍ വിമാനങ്ങളും ഭാഗമാവുമെന്നാണ് വാര്‍ത്തകള്‍. 42 വിമാനങ്ങളാണ് ഈ വര്‍ഷത്തെ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുക. 15 യുദ്ധവിമാനങ്ങള്‍, അഞ്ച് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍, 17 ഹെലികോപ്റ്ററുകള്‍, ഒരു വിന്റേജ്, നാല് ആര്‍മി ഏവിയേഷന്‍ ഹെലികോപ്റ്റര്‍ എന്നിവയാണ് ഇവ.
Content Highlights: First woman fighter pilot to make Republic Day debut