സീമ താക്കൂര്‍, ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ബസ് ഡ്രൈവര്‍. സീമ മറ്റൊരു ചരിത്രം കൂടി തിരുത്തി കുറിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍. മറ്റൊന്നുമല്ല ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ഡ്രൈവറായിരിക്കുകയാണ് സീമ.  ഷിംല- ഛണ്ഡീഗഢ് റൂട്ടിലൂടെയാണ് സീമ ഇപ്പോള്‍ ബസ് ഓടിക്കുന്നത്.

മുപ്പത്തൊന്നുകാരിയായ സീമയുടെ സ്വദേശം ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയിലാണ്. അഞ്ച് വര്‍ഷം മുമ്പാണ് എച്ച്.ആര്‍.ടി.സിയില്‍ സീമ ജോലിക്കെത്തിയത്. ആദ്യം എച്ച്.ആര്‍.ടി.സിയുടെ ടാക്‌സി സര്‍വീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സീമ. ഹിമാചലില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളിലായിരുന്നു സീമയുടെ ആദ്യ ജോലി. പിന്നീട് ഷിംല സോളാന്‍ റൂട്ടിലെ ഇലക്ട്രിക് ബസ്സില്‍ ഡ്രൈവറായി. 

' ഹിമാചലിലെ വിവിധ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ ഇലക്ട്രിക് ബസ്സ് ഓടിക്കുന്നു. ഒരു ഇന്റര്‍ സ്‌റ്റേറ്റ് റൂട്ടില്‍ ബസ്സ് ഓടിക്കാനുള്ള അവസരം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. ഇനി വോള്‍വോ ബസ്സുകള്‍ ഓടിക്കണമെന്നാണ് ആഗ്രഹം. ഉടന്‍ തന്നെ ഷിംല ഡല്‍ഹി റൂട്ടില്‍ ഞാന്‍ വോള്‍വോ ബസ്സ് ഓടിക്കും'  സീമ എ.എന്‍ഐയോട് പറഞ്ഞു.

'സാധാരണ പുരുഷ ഡ്രൈവര്‍മാരെ പോലെ തന്നെ സീമയും ഇത്രയും ബുദ്ധിമുട്ടുള്ള റൂട്ടില്‍ നന്നായി ബസ്സ് ഓടിക്കുന്നുണ്ട്. സ്ത്രീ ഡ്രൈവറാണ് എന്ന് അറിയുമ്പോള്‍ യാത്രക്കാര്‍ക്ക് സീമയെ പറ്റി അറിയാന്‍ വലിയ ആകാംഷയാണ്.' കണ്ടക്ടര്‍ സീമയെ പറ്റി പറയുന്നത് ഇങ്ങനെ. എച്ച്.ആര്‍.ടി.സിയിലെ 8000 ത്തിലധികം ജീവനക്കാരില്‍ സീമ മാത്രമാണ് വനിതാ ഡ്രൈവര്‍.

Content Highlights: first woman bus driver in Himachal Road Transport Corporation become the first HRTC woman driver to drive on an inter-state route