പത്താം തരം കഴിയുന്നതോടെ മിക്കവരും തങ്ങള്‍ ഏത് പ്രൊഫഷന്‍ തിരഞ്ഞെടുക്കണം എന്ന ധാരണവരും. അത് അനുസരിച്ചായിരിക്കും പ്ലസ്ടു മുതല്‍ പഠിക്കാനുള്ള വിഷയങ്ങളുടെ തിരഞ്ഞെടുപ്പ്. ഒരു വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും മിക്കവരുടെയും പിന്നീടുള്ള പഠനം. ഇതില്‍നിന്ന് വ്യത്യസ്തമാണ് പഞ്ചാബില്‍നിന്നുള്ള ഡോ. ദര്‍പന്‍ ആലുവാലിയയുടെ ജീവിതം. 

പഞ്ചാബിലെ പാട്യാലയിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് 2017-ല്‍ ദര്‍പന്‍ എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയത്. ബിരുദം നേടിയ ദര്‍പന്‍ അതിനുശേഷം പിങ്ക് ലിങ്ക് ക്യാംപെയ്ന്‍ എന്ന എന്‍.ജി.ഒ.യ്‌ക്കൊപ്പം ചേര്‍ന്ന് സ്ത്രീകള്‍ക്കുവേണ്ടി സത്‌നാര്‍ബുദം സ്‌ക്രീനിങ് ക്യാംപുകള്‍ സംഘടിപ്പിച്ചു. 

സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തില്‍ കുറച്ചുനാള്‍ ജോലി ചെയ്തതോടെ തനിക്ക് സിവില്‍ സര്‍വീസ് നേടണമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥയാകണമെന്നും ദര്‍പന്‍ ആഗ്രഹിച്ചു. ദര്‍പന്റെ മുത്തച്ഛന്‍ നരീന്ദര്‍ സിങ് പഞ്ചാബ് പോലീസിന്റെ ഭാഗമായിരുന്നു. ഡിസ്ട്രിക്ട് അറ്റോര്‍ണിയും ചീഫ് ലോ ഇന്‍സ്ട്രക്ടറുമായിരുന്നു അദ്ദേഹം.

'മുത്തച്ഛനിലൂടെയാണ് പോലീസിലേക്കെത്താനുള്ള ആഗ്രഹം എന്നിലുണ്ടായത്. കുറെ വര്‍ഷം മുമ്പ് അദ്ദേഹം പോലീസില്‍ നിന്ന് വിരമിച്ചുവെങ്കിലും അദ്ദേഹത്തില്‍നിന്ന് ഒരു സമൂഹത്തില്‍ പോലീസ് എത്രത്തോളം സ്വാധീനം ചെലുത്തുമെന്ന് ഞാന്‍ അറിഞ്ഞു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പോലീസാകാന്‍ ഞാന്‍ തീരുമാനിച്ചത്'-ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ദര്‍പന്‍ പറഞ്ഞു. 

രണ്ടാമത്തെ ശ്രമത്തിലാണ് ദര്‍പന് ഐ.പി.എസ്. കിട്ടിയത്. 73-ാമത് ബാച്ചില്‍ ഒന്നാം റാങ്ക് നേടിയാണ് ദര്‍പന്‍ ഐ.പി.എസില്‍ എത്തിയത്. പരിശീലനത്തിനിടെ മനുഷ്യക്കടത്തിന് ഇരയായവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പോലീസ് സേവനങ്ങളുടെ പ്രധാന്യം ദര്‍പന് ഈ സംഭവത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. 

'ഡോക്ടറില്‍നിന്ന് പോലീസ് ഉദ്യോഗസ്ഥ ആകുമ്പോള്‍ കരിയര്‍ മാറുകയല്ല, മറിച്ച് ഞാന്‍ എന്താണോ മുമ്പ് ചെയ്തത് അത് കുറച്ചുകൂടി വിശാലമാകുകയാണ് ചെയ്തത്. പുതിയ ചുമതലയില്‍ ഞാന്‍ കുറച്ചുകൂടി ആളുകള്‍ക്ക് അടുത്തേക്ക് എത്തി, പ്രത്യേകിച്ച് സ്ത്രീകളുടെ. ഏതൊരു അടിയന്തിരസാഹചര്യം വന്നാലും പ്രതിസന്ധി വന്നാലും ആളുകള്‍ ആദ്യമെത്തുക പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തായിരിക്കും'-ദര്‍പന്‍ വ്യക്തമാക്കി.

Content highlights: first she is a doctor then ips officer this is the story  of darpan ahluwalia