രാമനാട്ടുകര: 1979 സെപ്റ്റംബര്‍ മുപ്പതിനുള്ള മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയാണ്,'പഞ്ചായത്തുപ്രസിഡന്റായ മുസ്ലിം വനിത' എന്ന തലക്കെട്ടില്‍. കേരളത്തില്‍ നടാടെയാണ് ഒരു മുസ്ലിം വനിത പഞ്ചായത്ത് പ്രസിഡന്റാവുന്നത് എന്ന കൗതുകത്തോടെയാണ് വാര്‍ത്ത തുടങ്ങുന്നത്. അധികാരവികേന്ദ്രീകരണം, ജനകീയാസൂത്രണം, വനിതകള്‍ക്ക് അധികാരപങ്കാളിത്തം എന്നിവയെക്കുറിച്ചൊന്നും ഇന്നുള്ള ധാരണകള്‍ ഇല്ലാത്ത കാലം. കക്ഷിരഹിതയായ ആദ്യ പ്രസിഡന്റ്, നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്നിങ്ങനെ പലതരം റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ടാണ് അന്ന് ജമീല റസാക്ക് രാമനാട്ടുകര പഞ്ചായത്ത് പ്രസിഡന്റായത്. എങ്ങനെയാണ് ആ നിയോഗമുണ്ടായതെന്ന് ഓര്‍ത്തെടുക്കുകയാണ് ജനകീയാസൂത്രണം രജതജൂബിലി പിന്നിടുമ്പോള്‍ 66 വയസ്സായ ജമീല.

1979 ഓഗസ്റ്റ് ആദ്യവാരത്തിലാണ് എട്ടുവാര്‍ഡുകളുള്ള രാമനാട്ടുകര പഞ്ചായത്തിലെ ഏഴാംവാര്‍ഡ് സ്ത്രീ സംവരണമാവുന്നത്. അതോടെ അവിടെ മത്സരിക്കാന്‍ വനിതാ സ്ഥാനാര്‍ഥികളെ തിരഞ്ഞോട്ടമായി രാഷ്ട്രീയമുന്നണികള്‍. ഇടതുപക്ഷത്തിന്റെ അന്വേഷണം അമ്മു എന്ന ചുള്ളിപ്പറമ്പ് സ്വദേശിയില്‍ അവസാനിച്ചു. ഐക്യജനാധിപത്യ മുന്നണിയില്‍ ലീഗിനാണ് ഈ സീറ്റ് ലഭിച്ചത്. അക്കാലത്ത് 'മോസ്‌കോ' എന്നറിയപ്പെട്ടിരുന്നതാണ് ഏഴാം വാര്‍ഡ്. സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കും ജയിക്കാനാവാത്തതിനാലാണ് ആ പേര്. അതു പിടിച്ചെടുക്കാന്‍ ലീഗ് എത്തിയത് സോഷ്യലിസ്റ്റായ മൊയ്തീന്റെ മകന്‍ വി.എം.റസാക്കിന്റെ വീട്ടില്‍. പ്രദേശത്ത് ഏറ്റവും വിദ്യാഭ്യാസയോഗ്യതയുള്ള റസാക്കിന്റെ ഭാര്യ ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ മൊയ്തീന്റെ അനുമതി തേടിയാണ് വരവ്.

മുസ്ലിം സ്ത്രീകള്‍ വീടിനു പുറത്തേക്കിറങ്ങാന്‍ പോലും അനുവദിക്കാതിരുന്ന കാലത്ത്, ''നിങ്ങളുടെ മരുമകളെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണം'' എന്നാവശ്യപ്പെട്ടാല്‍ എന്തായിരിക്കും പ്രതികരണമെന്ന ആശങ്കയുണ്ടായിരുന്നു വന്നവര്‍ക്ക്. മടിച്ചു മടിച്ചാണെങ്കിലും അദ്ദേഹം പാതി സമ്മതം മൂളി. അന്ന് ജമീലയുടെ ഇളയ കുട്ടിക്ക് ഒന്നര വയസ്സേയുള്ളൂ. കുടുംബത്തില്‍നിന്നും യാഥാസ്ഥിതികരില്‍നിന്നും കടുത്ത എതിര്‍പ്പുയര്‍ന്നു. അതെല്ലാം മറികടന്ന് ജമീല വലതുപക്ഷം പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയായി.

63 വോട്ടുകള്‍ക്ക് മിന്നുംജയം

വോട്ടു ചോദിച്ചുള്ള പര്യടനത്തിലുമുണ്ടായി മറക്കാനാവാത്ത അനുഭവങ്ങള്‍. ചിലര്‍ ജമീലയെ വീട്ടിലേക്ക് അടുപ്പിച്ചില്ല. മറ്റു ചിലര്‍ പുറത്തുനിന്നുമാത്രം സംസാരിച്ചു. വനിതാ വോട്ടര്‍മാരെ കാണാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല.

തിരഞ്ഞെടുപ്പു ദിവസം വരെ ജയിക്കുമെന്ന ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ, വോട്ടണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 63 വോട്ടുകള്‍ക്ക് ജമീല ജയിച്ചു. അപ്രതീക്ഷിതമായ ഈ ജയം ഉള്‍കൊള്ളാന്‍ കഴിയാതിരുന്ന എതിര്‍പക്ഷം രണ്ടുതവണ വോട്ടുകള്‍ എണ്ണിച്ചു. ജമീലയ്ക്ക് രണ്ടുവോട്ടു കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ആകെയുള്ള എട്ടു വാര്‍ഡുകളില്‍ ഇടതിനും വലതിനും നാലു സീറ്റുകള്‍ വീതം ലഭിച്ചതോടെ ഭരണം ത്രിശങ്കുവിലായി. നറുക്കെടുപ്പ് നടത്തിയപ്പോള്‍ ഭരണം വലതുമുന്നണിക്ക് ലഭിച്ചു. വിദ്യാഭ്യാസം യോഗ്യതയായി കണക്കാക്കിയപ്പോള്‍ പ്രീഡിഗ്രി വരെ പഠിച്ച 24 വയസ്സുള്ള ജമീലയ്ക്ക് പ്രസിഡന്റാവാനുള്ള അവസരമെത്തി. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ അതൊരു ചരിത്രമായി. പഞ്ചായത്ത് പ്രസിഡന്റാവുന്ന ആദ്യ മുസ്ലിം വനിത, ആ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്, സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച് പഞ്ചായത്ത് സാരഥ്യം വഹിക്കുന്നയാള്‍ തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തം പേരിലായി.

മുന്നിലിരുത്തി പിന്നില്‍ നിന്നു ഭരണചക്രം തിരിക്കാന്‍ ശ്രമമുണ്ടായെങ്കിലും വിദ്യാസമ്പന്നയായ ജമീല അതിന് വഴങ്ങിയില്ല. നാലരകൊല്ലത്തെ ഭരണത്തില്‍ കുടിവെള്ളം, റോഡുകള്‍, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങി പ്രദേശത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കെല്ലാം ജമീല പരിഹാരം തുടങ്ങിവെച്ചു. അടുത്ത തിരഞ്ഞെടുപ്പിലും ലീഗ്-കോണ്‍ഗ്രസ് മുന്നണിതന്നെ അധികാരത്തിലേറി. എങ്കിലും ജമീല പിന്നീടൊരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല.

ഫറൂഖ് കോളേജിലെ ജാസ് മഹലിലാണ് ജമീലയും ഭര്‍ത്താവ് റസാക്കും താമസിക്കുന്നത്. ഫാറൂഖ് ഹൈസ്‌കൂള്‍ അധ്യാപികമാരായ ജസി, ജൂലി, മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ ജോസ്ന എന്നിവരാണ് മക്കള്‍.

'പിന്‍സീറ്റ് ഭരണം മാറണം'

അധികാരത്തില്‍ സ്ത്രീപങ്കാളിത്തം കൂടിയ പുതിയ കാലത്തെ എങ്ങനെ കാണുന്നുവെന്നു ചോദിച്ചാല്‍ ജമീലയുടെ മറുപടി, ''സ്ത്രീകള്‍ അധികാരത്തില്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും അവരെ മറയാക്കി പിന്നില്‍നിന്ന് ഭരണം നടത്താനുള്ള ശ്രമങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ല. ഈ സ്ഥിതി മാറണം. അപ്പോഴേ സ്ത്രീ ശാക്തീകരണം പൂര്‍ണമാവൂ''-ജമീല റസാക്ക് പറഞ്ഞു. 

Content highlights: first muslim women candidate anf panchyat president in kerala