60 വര്‍ഷം മുമ്പാണ് ഒരു അമേരിക്കക്കാരന്‍ ആദ്യമായി ബഹിരാകാശത്ത് എത്തിയത്. അലന്‍ ഷെപ്പേഡ് എന്ന ബഹിരാകാശയാത്രികനാണ് ആ ചരിത്രനിമിഷത്തിന്റെ പങ്കാളിയായത്. ഇപ്പോഴിതാ അലന്‍ ഷെപ്പേഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്, മകളിലൂടെ. 

ആമസോണ്‍ മേധാവിയും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ അടുത്ത ബഹിരാകാശ ദൗത്യത്തില്‍ അലന്‍ ഷെപ്പേഡിന്റെ മകള്‍ ലോറ ഷെപ്പേഡ് ചര്‍ച്ച്‌ലിയും ഉണ്ടാകും. 

തങ്ങളുടെ മൂന്നാമത്തെ ബഹിരാകാശയാത്ര ഡിസംബര്‍ ഒന്‍പതിന് നടക്കുമെന്ന് ബ്ലൂ ഒറിജിന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ ടെക്‌സസിലെ അവരുടെ വിക്ഷേപണ കേന്ദ്രത്തില്‍നിന്നായിരിക്കും യാത്ര പുറപ്പെടുക.

അലന്‍ ഷെപ്പേഡിനോടുള്ള ആദരസൂചകമായി ബ്ലൂ ഒറിജിന്‍ തങ്ങളുടെ സബ്ഓര്‍ബിറ്റല്‍ റോക്കറ്റിന് ന്യൂ ഷെപ്പേഡ് എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ന്യൂ ഷെപ്പേഡില്‍ യഥാര്‍ത്ഥ ഷെപ്പേഡ് ബഹിരാകാശത്ത് പോകുമെന്ന് പറയുന്നത് ഒരു രസമാണെന്ന് ലോറ പറഞ്ഞു.

കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ശാസ്ത്ര അവബോധം വളര്‍ത്തുകയും അതിനായി പണം സ്വരൂപിക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തുകയാണ് ലോറ. തന്റെ അച്ഛന്റെ പാരമ്പര്യം പിന്തുരടുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഒരു വീഡിയോയില്‍ അവര്‍ പറഞ്ഞു.1961 മേയ് അഞ്ചിനാണ് അലന്‍ ഷെപ്പേഡ് ബഹിരാകാശയാത്ര നടത്തിയത്. 

ആറ് പേരാണ് ബ്ലൂ ഒറിജിന്റെ യാത്രാ സംഘത്തിലുണ്ടാകുക. ലോറയെക്കൂടാതെ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനായ മൈക്കള്‍ ട്രാഹാനും യാത്രാസംഘത്തിലുണ്ട്. 

Content highlights: first American in space, alan shepard, laura shepard churchley, space trip blue origin, women in space