കൊച്ചി: ‘‘ഈമാസം ക്യാറ്റ് പരീക്ഷയെഴുതാൻ ഫീസടച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു മോൾ. അതുകഴിഞ്ഞ് മിസ് ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പ്. ഇതിനിടയിൽ കാൻസർ സെന്ററിൽ അർബുദരോഗികൾക്ക്‌ മുടി ദാനംചെയ്യണമെന്ന മോഹം. ഇതെല്ലാം കൊച്ചു കുറിപ്പുകളായി അവൾ മുറിയിലെ ചുമരിൽ എഴുതിയൊട്ടിച്ചിരുന്നു. ജീവിതത്തിൽ എന്തായിത്തീരണമെന്നുള്ള അവളുടെ മനസ്സ് അടയാളപ്പെടുത്തുന്നതാണ് ഈ കുറിപ്പുകളെല്ലാം. ഇപ്പോൾ ഇതെല്ലാം ബാക്കിയാക്കി എന്റെ മോൾ...’’ -സങ്കടത്താൽ കബീറിന്റെ വാക്കുകൾ മുറിയുമ്പോൾ, ആ ചുമരിൽ അൻസിയുടെ അക്ഷരങ്ങൾ സ്വപ്നങ്ങളുടെ സാക്ഷ്യപത്രം പോലെയുണ്ടായിരുന്നു.

വൈറ്റില ബൈപ്പാസിലെ കാറപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് കബീറിന്റെ മനസ്സ് ചില അന്വേഷണങ്ങളുടെ പിന്നാലെയാണ്. അൻസിയുടെ മരണത്തിനു പിന്നിലുള്ള ദുരൂഹതകൾ മാറ്റി, സത്യം പുറത്തുവരാനുണ്ടെന്ന് അദ്ദേഹം പറയുന്നു.

അൻസിക്ക്‌ സിനിമയും മോഡലിങ്ങും ഏറെ ഇഷ്ടമായിരുന്നെങ്കിലും ക്യാറ്റ് പരീക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നതെന്നാണ് കബീർ പറയുന്നത്. അവളുടെ ആ മനസ്സുതന്നെയാണ് ഫോർട്ടുകൊച്ചിയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിലും പ്രകടമായതെന്നാണ് കബീറിന്റെ വിശ്വാസം.

‘‘സിനിമ അവൾക്ക്‌ ഇഷ്ടമായിരുന്നെങ്കിലും അതൊരിക്കലും അവളുടെ പ്രഥമ പരിഗണനയിലുണ്ടായിരുന്നില്ല. സിനിമയ്ക്കുവേണ്ടി എവിടെയെങ്കിലും പോകാനോ ചാൻസ് ചോദിക്കാനോ ഒന്നും അവൾ തയ്യാറായിരുന്നില്ല. ചില വാഗ്ദാനങ്ങൾ വന്നെങ്കിലും അതെല്ലാം നോക്കിമാത്രമാണ് അവൾ സ്വീകരിച്ചിരുന്നത്. ഹോട്ടലിൽ നടന്ന പാർട്ടിയിലും അതേ നിലപാട് തന്നെയാകും മോൾ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണോ, വാർത്തകളിൽ പറയുന്നതുപോലെ ഒരു കാർ അവരുടെ കാറിനെ പിന്തുടർന്നതെന്നറിയില്ല. എന്തായാലും മോളുടെ മരണത്തിന്റെ എല്ലാ സത്യങ്ങളും പുറത്തുവരണം” -കബീർ പറയുന്നു.

കാർ പിന്തുടർന്നുവെന്നു പറയുന്നതിലും ഹോട്ടലിലെ ഹാർഡ് ഡിസ്ക് മാറ്റിയെന്നു പറയുന്നതിലും ദുരൂഹതയുണ്ടെന്ന വാർത്തകൾ കേട്ടതായി കബീർ പറഞ്ഞു. ഹോട്ടലുടമയെ അൻസിക്ക്‌ നേരത്തെ പരിചയമുള്ളതായി കബീറിനറിയില്ല. ഹോട്ടലിൽ നടന്ന പാർട്ടിയിൽ ആരൊക്കെ പങ്കെടുത്തുവെന്ന കാര്യവും അറിയില്ല.

ആറ്റിങ്ങൽ ആലങ്കോട്ടുള്ള വീട്ടിൽ അൻസിയുടെ മുറിയിൽ സങ്കടങ്ങളുടെ കൂട്ടിലാണ് ഇപ്പോഴും കബീറും ഭാര്യ റസീനയും. ഒപ്പം, കഴിഞ്ഞമാസം 25 വയസ്സ് പൂർത്തിയായ മകളുടെ ജന്മദിനത്തിന്റെ മായാത്ത ചില സങ്കടങ്ങളും.

‘‘കഴിഞ്ഞമാസം 15-നായിരുന്നു അവളുടെ ബർത്ത് ഡേ. സാധാരണഗതിയിൽ ജന്മദിനത്തിന്‌ അവൾ കൂട്ടുകാരുടെ കൂടെ പോയി ആഘോഷിക്കാറുള്ളതാണ്. ഇത്തവണ അവൾ ജന്മദിനത്തിൽ വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. ആശംസ നേരാൻ ഖത്തറിൽനിന്ന്‌ ഞാൻ വിളിക്കുമ്പോൾ അവൾ മുറിയിലിരുന്നാണ് സംസാരിച്ചത്. സെപ്തംബറിൽ ഞാൻ നാട്ടിൽനിന്ന്‌ ഖത്തറിലേക്ക്‌ മടങ്ങുമ്പോൾ അവളെ കെട്ടിപ്പിടിച്ച്‌ യാത്രപറയാൻ പോലും സാധിച്ചിരുന്നില്ല. അതിനുമുമ്പ് അവൾക്ക്‌ കോവിഡ് വന്നതിനാൽ അൽപ്പം ദൂരെ നിന്നാണ് മോൾ എന്നെ യാത്രയാക്കിയത്. അകലങ്ങൾ സൂക്ഷിച്ചുള്ള ആ നിമിഷങ്ങളാണ് ഞങ്ങളുടെ ജീവിതത്തിലെ അവസാന കൂടിക്കാഴ്ചയെന്നത് പടച്ചോന്റെ നിശ്ചയമാകാം...’’ -സങ്കടത്താൽ വാക്കുകൾ മുറിഞ്ഞു. അൽപ്പനേരം നിശ്ശബ്ദനായിരുന്ന ശേഷം കബീർ ഒരുകാര്യം കൂടി പറഞ്ഞു, ‘‘ഇനിയൊരു മോൾക്കും ഇതുപോലെ ഒരു മരണമുണ്ടാകരുത്. സത്യം എന്തായാലും അത്‌ പുറത്തുവരണം.’’