പെൺകുഞ്ഞുങ്ങൾ ഉണ്ടാകുന്നത് ബാധ്യതയാണെന്ന് കരുതുന്നവർ മാതൃകയാക്കേണ്ട ഒരു വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുഞ്ഞ് ഉണ്ടായതിന്റെ സന്തോഷത്തിൽ‌ ആയിരത്തോളം പാനിപൂരി സൗജന്യമായി വിതരണം ചെയ്ത അച്ഛന്റെ കഥയാണത്. 

ഭോപ്പാലിലെ പാനിപൂരി വിൽപനക്കാരനായ അഞ്ചൽ ​ഗുപ്തയാണ് കഥയിലെ താരം. പെൺകുട്ടികളുടെ പിറവി ആഘോഷിക്കപ്പെടേണ്ടതാണെന്നു പറഞ്ഞ അദ്ദേഹം ലിം​ഗവിവേചനം വച്ചുപുലർത്തുന്ന സമൂഹത്തിന് ഒരു സന്ദേശം നൽകുകയായിരുന്നു തന്റെ ലക്ഷ്യമെന്നും പറയുന്നു. 

പതിനായിരത്തോളം വിലമതിക്കുന്ന പാനിപൂരിയാണ് അഞ്ചൽ സൗജന്യമായി വിതരണം ചെയ്തത്. പണത്തേക്കാളുപരിയാണ് മകളുണ്ടായ സന്തോഷമെന്നാണ് അഞ്ചൽ പറയുന്നത്. 

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് പതിനേഴിനായിരുന്നു അഞ്ചലിന്റെ പുത്രി ജനിച്ചത്. അദ്ദേഹത്തിന് ഒരു മകൻ കൂടിയുണ്ട്. സെപ്തംബർ പന്ത്രണ്ടിന് മകന്റെ പിറന്നാളുമായിരുന്നു. മകന്റെ പിറന്നാൾ ദിനത്തിൽ തന്നെ മകളുടെ ജന്മവും ആഘോഷിക്കാമെന്നും ഒരു സന്ദേശം പകരാമെന്നും തീരുമാനിക്കുകയായിരുന്നു താനെന്ന് അഞ്ചൽ പറയുന്നു. 

ഒരു പെൺകുഞ്ഞ് എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. വിവാഹം കഴിഞ്ഞപ്പോൾ മുതൽ ഒരു പെൺകുഞ്ഞിനായി ആ​ഗ്രഹിച്ചിരുന്നു. മകൾ ഉണ്ടായപ്പോൾ തന്നെ അവളുടെ പിറവി ആഘോഷിക്കണമെന്ന് കരുതിയിരുന്നു. വരുമാനം കുറവാണെങ്കിലും പെൺകുട്ടിയെ ബാധ്യതയായി കരുതുന്നവർക്ക് ഒരു സന്ദേശം കൊടുക്കുകയായിരുന്നു ലക്ഷ്യം. ഒരു പെൺകുഞ്ഞിന്റെ അച്ഛനായതിൽ അഭിമാനിക്കുന്നു- അഞ്ചൽ പറയുന്നു. 

Content Highlights: father distributed thousands of free golgappas On his daughter’s birth