മഴയോട് പോരാടിയ ഞാറുകളുടെ പച്ചപ്പാണ് പുല്ലഴി കോൾപ്പാടത്ത്. മാനം തെളിഞ്ഞപ്പോൾ കൃഷിപ്പണിക്ക് വേഗം കൂടി. ഇതിനിടയിലാണ് അവർ എട്ടുപേരെ കണ്ടുമുട്ടിയത്. മുണ്ടകൻ കൃഷിക്ക് എല്ലാവർഷവും ഈ സ്ത്രീകൾ പുല്ലഴിപ്പാടത്ത് ഒത്തുചേരും. വിവിധ പടവുകളിലായി നേരിട്ട് കൃഷി നടത്തുന്ന അറുപതോളം സ്ത്രീകർഷകരുടെ പ്രതിനിധികളായ അവർ കൃഷിജീവിതം പങ്കിട്ടു.

ഷീബ ഹെഡ്മിസ്ട്രസായിരുന്നു. ഭവാനി പൊതുമരാമത്ത് വകുപ്പിൽ നിന്നും സാവിത്രി കൃഷിവകുപ്പിൽനിന്നും വിരമിച്ചു.

ഇവരോടൊപ്പം കമലാക്ഷിയും സജിതയും സൗദാമിനിയും രതിയും അംബികയും ചേർന്നുനിന്ന് പറഞ്ഞു- ‘കൊയ്ത്തിനൊടുവിൽ കൈയിൽ കിട്ടുന്ന പണമല്ല, പാടത്തെ കാറ്റുകൊള്ളുമ്പോഴും കതിരിട്ട നെൽച്ചെടികൾ കൊയ്ത് മെതിച്ചിടുന്ന നെന്മണികൾ കാണുമ്പോഴും ഉണ്ടാകുന്ന സന്തോഷമാണ് വലുത്’.

‘കുട്ടിക്കാലം മുതലേ പാടവും കൃഷിപ്പണിയും കണ്ടുവളർന്നവരാണ് പലരും. കൃഷിയോടുള്ള സ്‌നേഹം മൂലം പാടം സ്വന്തമാക്കിയവരുമുണ്ട്. എല്ലാ പണിയും ഒറ്റയ്ക്ക് ചെയ്യാനാകാത്തതുകൊണ്ട് സഹായത്തിന് പണിക്കാരുണ്ട്’ -പുതൂർക്കര പാറമേൽ വീട്ടിൽ രതി പറഞ്ഞു.

‘ഞങ്ങളെ അളിയൻ കോളുകാരെന്നാണ് വിളിക്കുക. കാർന്നോന്മാരായി കിട്ടിയ നിലമാണ്. 12 കൊല്ലമായി എന്റെയും ചേച്ചി കൗസല്യയുടെയും കണ്ടത്തിൽ ഞാനാണ് കൃഷി നടത്തുന്നത്.’-രതിയുടെ ബന്ധുവായ പുല്ലഴി പാറമേൽ സൗദാമിനിയിലുമുണ്ട് കൃഷിയാവേശം.

ഒളരി ഗവ. യു.പി. സ്‌കൂളിൽനിന്ന് വിരമിച്ച ഹെഡ്മിസ്ട്രസ് പുല്ലഴി തിയ്യാടി ഷീബയുടെ അഭിപ്രായത്തിൽ കൃഷി ഒരു സംസ്കാരമാണ്. നെൽകൃഷിക്ക് പുറമേ പാടവരമ്പത്ത് പച്ചക്കറികൃഷിയും ഷീബ നടത്തുന്നുണ്ട്. അഞ്ചരയേക്കറിലാണ് നെൽകൃഷി.

കൃഷിവകുപ്പിലെ ജീവനക്കാരിയായതുകൊണ്ട് മാത്രമല്ല പുതൂർക്കര പീച്ചോളി സാവിത്രി കോൾപ്പാടത്തെത്തുന്നത്. ഭർത്താവ് വാങ്ങിയതാണ് ഒരേക്കർ 12 സെന്റ് നിലം. 15 വർഷമായി മുടങ്ങാതെ മുണ്ടകനിറക്കുന്നു. പുതൂർക്കര സ്വദേശിതന്നെയായ കുന്നമത്ത് സജിതയാണ് കൂട്ടത്തിലെ ചെറുപ്പക്കാരി.

സജിതയും ഭർത്താവും കൂടിയാണ് പാടത്തെ പണി മുഴുവനെടുക്കുന്നത് -‘അച്ഛനും അമ്മയും പാടത്തിറങ്ങി പണിയുന്നത് കണ്ടാണ് ഞാൻ വളർന്നത്. ഇത്തവണ മൂന്നുതവണ വിതച്ചതും മഴ കൊണ്ടുപോയി. പിന്നെ ഞാനും ഭർത്താവും കൂടി ഒരാഴ്ച നിന്ന് ഞാറ് നട്ടു’ -സജിതയുടെ ശബ്ദത്തിൽ നിരാശയില്ല.

പൊതുമരാമത്ത് വകുപ്പിലെ ടൈപ്പിസ്റ്റായിരുന്ന പുഴയ്ക്കൽ കിഴക്കുംപറമ്പിൽ ഭവാനി 26 വർഷമായി കോൾപ്പാടത്തെ മണ്ണിനൊപ്പമുണ്ട്. സർവീസിലിരിക്കെ ഭർത്താവാണ് നിലം വാങ്ങിയത്. ഒരുകൊല്ലമേ അദ്ദേഹത്തിന് കൃഷിചെയ്യാൻ യോഗമുണ്ടായുള്ളൂ. പിറ്റേക്കൊല്ലം മുതൽ അവർ പാടത്തേക്കിറങ്ങി.

ഒരുവർഷത്തെ ചെലവിന് മുഴുവനായി തികയില്ല. എങ്കിലും ലാഭവും നഷ്ടവും നോക്കാറുമില്ല. മനസ്സിന് ലഭിക്കുന്ന സുഖം. അതാണ് വലുത് -കാഞ്ഞാണി ആണ്ടൂപ്പറമ്പിൽ കമലാക്ഷിയുടെയും പുതൂർക്കര കരയാംപറമ്പിൽ അംബികയുടെയുമെല്ലാം വാക്കുകളിൽ കോളിലെ മണ്ണിനോടുള്ള സ്നേഹം.

Content Highlights: farming happiness, farming in kerala, women in agriculture, women farmers