ടീനയും ബെന്‍ ഗിബ്‌സണും കാത്തിരിപ്പിലായിരുന്നു, ഒരു കുഞ്ഞിന് വേണ്ടി. പ്രാര്‍ത്ഥനകള്‍ക്കും നേര്‍ച്ചകള്‍ക്കും ഒടുവില്‍ വൈദ്യശാസ്ത്രത്തിന്റെ കഴിവിന് നന്ദി പറയുകയാണ് അവര്‍. ടീനയുടെയും ബെന്നിന്റെയും രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ട് ഒരു മാസമായി. മോളി ഗിബ്‌സണ്‍ എന്നാണ് കാത്തിരുന്ന് കിട്ടിയ നിധിക്ക് അവര്‍ പേരിട്ടത്.
എന്നാല്‍ മോളി 27 വര്‍ഷം മുമ്പേ പിറക്കേേണ്ടവളായിരുന്നു. എങ്ങനെയാണെന്നോ. 27 വര്‍ഷം ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നാണ് മോളിയുടെ ജനനം. 1992 മുതല്‍ ശീതികരിച്ചു സൂക്ഷിച്ചതാണ് ഈ ഭ്രൂണം. ഇവരുടെ ആദ്യ കുഞ്ഞും ഇത്തരത്തില്‍ തന്നെ പിറന്നതാണ്. 2017 ല്‍ മോളിയുടെ ഭ്രൂണത്തിനൊപ്പം സൂക്ഷിച്ച മറ്റൊരു ഭ്രൂണത്തില്‍ നിന്ന് ജനിച്ച എമ്മ. രണ്ടരകിലോ ഭാരമുണ്ട് മോളിക്ക്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല എന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മോളിയുടെ ജനനം പുതിയ ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍കാലം സൂക്ഷിച്ചുവച്ച ഭ്രൂണത്തില്‍ നിന്ന് ജനിച്ച കുട്ടിയെന്നാവും അവള്‍ ഇനി അറിയപ്പെടുക. ഇവരുടെ ആദ്യ കുഞ്ഞായ എമ്മയുടേതായിരുന്നു ഇതുവരെയുള്ള റെക്കോഡ്.
എംബ്രിയോ അഡോപ്ഷന്‍ എന്ന മാര്‍ഗത്തിലൂടെയാണ് മോളിയെ ഈ ദമ്പതികള്‍ക്ക് ലഭിച്ചത്. നാഷണല്‍ എംബ്രിയോ ഡോണേഷന്‍ സെന്റര്‍ എന്ന എന്‍.ജി.ഒ ആണ് ഇതിന് പിന്നില്‍. ദാനം ചെയ്യാനാഗ്രഹിക്കുന്നവരില്‍ നിന്ന് ഭ്രൂണങ്ങള്‍ ശേഖരിച്ച് ശീതികരിച്ച് സൂക്ഷിക്കുകയും കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ക്ക് നല്‍കുകയും ചെയ്യുകയാണ് ഈ സംഘടനയുടെ രീതി.
Content Highlights: Family welcomes baby born from embryo frozen 27-years-ago