പ്രായമാകുന്ന അച്ഛനമ്മമാരെ ഒരു ദാക്ഷിണ്യവുമില്ലാതെ വഴിയരികിലേക്ക് തള്ളിവിടുന്ന മക്കള്‍ ഇന്നുമുണ്ട്. വൃദ്ധസദനങ്ങള്‍ പെരുകുന്ന കണക്കെടുത്താലറിയാം ഇതിന്റെ തീവ്രത. അടുത്തിടെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്ത് പങ്കുവച്ചൊരു വീഡിയോയും അത്തരത്തിലുള്ളതായിരുന്നു. മക്കള്‍ ഉപേക്ഷിച്ചൊരു അമ്മയുടേത്. ഒടുവില്‍ അവരെ ദത്തെടുക്കാന്‍ ഒരു കുടുംബം മുന്നോട്ടെത്തുകയും ചെയ്തു. 

മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ഒരു പാക്കറ്റ് ബിസ്‌ക്കറ്റുമായി മിഴിനീരോടെ ഇരിക്കുകയായിരുന്നു ലീലാവതി ദാദി എന്ന എഴുപതുകാരി. തുടര്‍ന്നാണ് തന്റെ കഥ ബര്‍ഖയുമായി ലീലാവതി പങ്കുവെച്ചത്. അസുഖം ബാധിച്ച മകനെ ശുശ്രൂഷിക്കാനായി ഡല്‍ഹിയില്‍നിന്നു മുംബൈയിലെത്തിയതായിരുന്നു ലീലാവതി. മകന്റെ രോഗം ഭേദമാവുകയും ലോക്ക്ഡൗണിനാല്‍ തിരിച്ചു പോവാന്‍ കഴിയാതെ വരികയും ചെയ്തതോടെ മകന് അമ്മ ശല്യമായി. തന്നെ വീട്ടില്‍നിന്ന് അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് ലീലാവതി പറയുന്നു. 

മറ്റൊരു വഴിയുമില്ലാതെ വന്നപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കേണ്ടി വരുമെന്നു വരെ ലീലാവതി കരുതി. അതിനിടയില്‍ ബര്‍ഖ ദത്തിന്റെ വീഡിയോ വൈറലായതോടെ റെയില്‍വേ അധികൃതര്‍ ലീലാവതിയെ ഡല്‍ഹിയില്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. ലീലാവതിയുയുടെ വാര്‍ത്ത പരന്നതോടെ സാമൂഹിക പ്രവര്‍ത്തകനായ കിരണ്‍ വര്‍മ ദത്തെടുക്കാന്‍ താല്‍പര്യം ഉണ്ടെന്നറിയിച്ച് മുന്നോട്ടു വരികയും ചെയ്തു. 

'മറ്റൊരു മുത്തശ്ശിയെ ലഭിച്ച് അനുഗ്രഹീതനായി' എന്നാണ് കിരണ്‍ പങ്കുവച്ചത്. ലീലാവതിയുടെ സാമ്പത്തിക ഭദ്രതയ്ക്കായി പണസമാഹരണം നടത്താനും കിരണ്‍ ഉദ്ദേശിക്കുന്നുണ്ട്. ശേഖരിക്കുന്ന പണം പൂര്‍ണമായും ലീലാവതിയെ ഏല്‍പ്പിക്കുമെന്നും ജീവിതം സുരക്ഷിതമാക്കാന്‍ അവര്‍ക്കത് വിനിയോഗിക്കാമെന്നും കിരണ്‍ പറയുന്നു. 

Content Highlights: family adopts leevati who was abandoned by her son