തിരാവിലെ ഒരു മണിക്കൂറോളം വ്യായാമം. അതു കഴിഞ്ഞ് ജിമ്മിൽ ട്രെയിനിങ് വിലയിരുത്തൽ. പിന്നെ വനിതകൾക്കായി പ്രത്യേക ഫിറ്റ്നസ് ക്ലാസ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഷൈനി ആന്റണിയുടെ ജീവിതം വീണ്ടും ചിട്ടപ്പടിയായി. സ്ഥാനാർഥിക്കുപ്പായം അണിയാൻ വേണ്ടി മാറ്റിവെച്ച ജീവിതവേഷങ്ങൾ വീണ്ടും അണിയുമ്പോൾ ഷൈനി പറഞ്ഞു: ''ഫിറ്റ്നസിനു വേണ്ടിയാണ് എന്റെ ജീവിതം. തകർന്നുപോയെന്നു കരുതിയ ജീവിതം ഞാൻ തിരികെപ്പിടിച്ചത് ഫിറ്റ്നസിലൂടെയാണ്. ഇനി മുന്നോട്ടും ഫിറ്റ്നസ് തന്നെയാകും എന്റെ ജീവിതമന്ത്രം.''

കൊച്ചി മണ്ഡലത്തിലെ ട്വന്റി-20 സ്ഥാനാർഥിയായിരുന്ന ഷൈനി ആന്റണിക്ക് ഫിറ്റ്നസ് ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല.

രാഷ്ട്രീയം എന്ന അനുഭവം

തോപ്പുംപടി നോർത്ത് മൂലങ്കുഴിയിൽ 'ജസ്റ്റ് ഷൈൻ' എന്ന ഫിറ്റ്നസ് സെന്റർ നടത്തുന്ന ഷൈനി മുംബൈ യൂണിവേഴ്സിറ്റിയുടെ ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് സയൻസ് ഫാക്കൽറ്റിയുമാണ്.

''എനിക്ക് രാഷ്ട്രീയത്തോട് ഒരു താത്‌പര്യവുമുണ്ടായിരുന്നില്ല. മാറി മാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളെ മടുത്തിട്ട് വോട്ടുചെയ്യാൻ പോകാതിരുന്ന കാലമുണ്ടായിരുന്നു. സാധാരണക്കാർക്ക് ഒരു കാര്യം നടക്കണമെങ്കിൽ കൈക്കൂലി കൊടുക്കാതെ പറ്റില്ലെന്ന അവസ്ഥ കണ്ട് സങ്കടപ്പെട്ടിട്ടുണ്ട്. ഈ നാട് നന്നാകില്ലെന്നു കരുതിയിരിക്കുമ്പോഴാണ് ട്വന്റി-20 എന്ന ജനകീയ മുന്നണിയുടെ വരവ്. അവരുടെ ആശയങ്ങൾ നാടിന് നന്നായിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാൻ സ്ഥാനാർഥിയായത്. പ്രചാരണത്തിൽ ഉടനീളം ഞാൻ നാട്ടുകാരോട് പറഞ്ഞതും ഇക്കാര്യങ്ങൾ തന്നെയാണ്'' - ഷൈനി പറഞ്ഞു.

ജീവിതം മാറ്റിയ ഫിറ്റ്നസ്

പള്ളുരുത്തി തോട്ടേക്കാട്ട് തോമസിന്റേയും ബേബിയുടേയും മകളാണ് ഷൈനി. പ്രസവത്തോടെയാണ് ഷൈനിയുടെ ജീവിതം മാറിമറിഞ്ഞത്.

''പ്രസവം കഴിഞ്ഞപ്പോൾ ഇടുപ്പെല്ല് അകന്ന് കാലിന് തളർച്ച ബാധിച്ച് കിടപ്പിലായി. എട്ടു മാസത്തോളം കട്ടിലിൽത്തന്നെ. 89 കിലോ ഭാരമുണ്ടായിരുന്ന എനിക്ക്, ശരീരത്തിന്റെ അവസ്ഥയും കൂടിയായപ്പോൾ ജീവിതം ദുസ്സഹമായി. സുഹൃത്ത് ധന്യയാണ് വ്യായാമ മുറകളിലൂടെ ചില മാറ്റങ്ങൾ പരീക്ഷിക്കാൻ ഉപദേശിച്ചത്. കട്ടിലിൽ കിടന്നുകൊണ്ട് തുടങ്ങിയ വ്യായാമം പതുക്കെ ജീവിതം മാറ്റി. കൃത്യമായ ഡയറ്റും പരീക്ഷിച്ചതോടെ എട്ടു മാസം കഴിഞ്ഞപ്പോൾ ഞാൻ 72 കിലോയിലെത്തി. കട്ടിലിൽനിന്ന് എഴുന്നേറ്റു നടക്കാൻ തുടങ്ങിയിട്ടും ഞാൻ വ്യായാമം നിർത്തിയില്ല. ഇപ്പോൾ ഞാൻ 56 കിലോയായി'' - ഷൈനി പറഞ്ഞു.

ഫിറ്റ്നസ് മന്ത്ര

ജസ്റ്റിൻ എന്ന് വിളിപ്പേരുള്ള ഭർത്താവ് ആന്റണിയും മക്കളായ സോണിയ കാതറിനും സൂര്യ ആനും അടങ്ങുന്ന കുടുംബം ഷൈനിയുടെ ഫിറ്റ്നസ് ജീവിതത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.

''ചിട്ടയായ ജീവിതശൈലിയാണ് എന്റെ ഫിറ്റ്നസ് മന്ത്ര. വീട്ടിൽ ഞാൻ ജങ്ക് ഫുഡ്സ് കയറ്റാറില്ല. മക്കളും അതിന് തയ്യാറായി. എത്ര തിരക്കുണ്ടായാലും ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യും. പ്രചാരണകാലത്ത് അത്രയും സമയം ചെയ്യാൻ പറ്റിയില്ലെങ്കിലും വ്യായാമം പൂർണമായി ഒഴിവാക്കിയില്ല. പഞ്ചസാര ഇടാതെയാണ് ഞാൻ ചായ കുടിക്കുന്നത്. മധുരം പരമാവധി ഒഴിവാക്കും. വെള്ളം നന്നായി കുടിക്കും'' - ഷൈനി ജീവിതശൈലി വിവരിച്ചു.

സ്ത്രീകളും ഫിറ്റ്നസും

പഴയ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോൾ ചെയ്യാനുള്ള ഒരു സ്വപ്നവും ഷൈനി പങ്കുവെച്ചു. ''പാവപ്പെട്ട സ്ത്രീകൾക്കായി സൗജന്യ ഫിറ്റ്നസ് ക്ലാസ് തുടങ്ങുന്നുണ്ട്. അവർക്ക് വലിയ ഫീസ് കൊടുത്ത് ഫിറ്റ്നസ് സെന്ററിലൊന്നും പോകാൻ കഴിയില്ലല്ലോ. ഒരു വർഷം മുമ്പ് ഒരു സുഹൃത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ പോയപ്പോൾ വലിയ ഗേറ്റ് മറിഞ്ഞുവീണ് എന്റെ കൈകൾക്ക് പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ ചെയ്ത ഡോക്ടർ പറഞ്ഞത് ഈ കൈകൾ കൊണ്ട് ഇനി ഒരു ഗ്ലാസ് വെള്ളംപോലും എടുക്കാൻ കഴിഞ്ഞേക്കില്ലെന്നാണ്. എന്നാൽ, കിടക്കയിൽ കിടന്നുതന്നെ ആ പരിക്കിനേയും ഞാൻ അതിജീവിച്ചു. എല്ലാ സ്ത്രീകൾക്കും അതിജീവനം സാധ്യമാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ ഫിറ്റ്നസ് ക്ലാസുകൾ അവർക്ക് അതിന് സഹായകമായെങ്കിൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം'' - ഷൈനി ആത്മവിശ്വാസത്തോടെ പറഞ്ഞു.

Content Highlights:Ernakulam 20-20 Candidate shiny antony fitness trainer