ഇരുപത് മിടുക്കികള്‍ ഇളംദേശത്ത് കൈകോര്‍ത്തു. കൈമെയ് മറന്ന് അധ്വാനിച്ചു. അങ്ങനെ തൈത്തോട്ടത്തിലെ 'പെണ്‍വീട്' പൂര്‍ത്തിയായി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 20 സ്ത്രീകള്‍ ചേര്‍ന്ന് രൂപവത്കരിച്ച 'നിര്‍മാണ്‍ശ്രീ' കെട്ടിടനിര്‍മാണ യൂണിറ്റ് സുന്ദരമായ വീടുപണിതാണ് തങ്ങളുടെ വരവറിയിച്ചിരിക്കുന്നത്. പത്തുപേരുള്ള രണ്ടു സംഘങ്ങളായിട്ടാകും ഇനിയുള്ള പ്രവര്‍ത്തനം.

കുടംബശ്രീ മിഷനാണ് 20 പേര്‍ക്കും പരിശീലനം നല്‍കിയത്. ഏറ്റുമാനൂര്‍ അര്‍ച്ചന കണ്‍സ്ട്രക്ഷനെ പരിശീലനം നല്‍കാന്‍ നിയോഗിച്ചു. എട്ടുദിവസത്തോളം ക്ലാസുകളെടുത്തു. അതിനുശേഷമായിരുന്നു പ്രായോഗിക പരിശീലനം. ആശ്രയ പദ്ധതിയില്‍പ്പെട്ട ഒരു വീട് പണിത് തുടങ്ങാമെന്ന് പദ്ധതിയിട്ടു. തൈത്തോട്ടത്തിലെ പാറയ്ക്കല്‍ വീട്ടില്‍ സാറാമ്മ സേവ്യര്‍ തന്റെ വീട് പണിയുന്നതിന് അനുമതി നല്‍കിയതോടെ പെണ്ണുങ്ങള്‍ ഉഷാറായി. ഒരു മേസ്തിരിയുടെ മേല്‍നോട്ടത്തില്‍ അടിത്തറ മുതല്‍ മേല്‍ക്കൂര വരെ പണിതു. ഭിത്തിയും തറയും തേച്ച് പെയിന്റുമടിച്ചു. ഇനി കൂടുതല്‍ നിര്‍മാണ ജോലികള്‍ ഏറ്റെടുക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

വിജയകരമായി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കിയ വനിതകളെ കുടുംബശ്രീയും വെള്ളിയാമറ്റം പഞ്ചായത്തും അഭിനന്ദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാജശേഖരന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ജു വിജീഷ് അധ്യക്ഷയായി. ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍, വാര്‍ഡ് മെമ്പര്‍ രാഘവന്‍, ശരത്, ബിനു ശ്രീധര്‍, ടെസിമോള്‍ മാത്യു, തങ്കമ്മാ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: Empowering Women Through Kudumbasree Mission